ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ ആരോപണങ്ങളില്‍ മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. കമ്മീഷന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആദ്യം സംസാരിച്ചത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറാണ്. തിരഞ്ഞെടുപ്പ് കമ്മിഷന് ഒരു പക്ഷവുമില്ലെന്നും നിഷ്പക്ഷമായാണ് പ്രവര്‍ത്തനമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞു. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് പ്രായപൂര്‍ത്തിയായ ഓരോ ഇന്ത്യന്‍ പൗരനും വോട്ടര്‍മാരാകുകയും വോട്ട് രേഖപ്പെടുത്തുകയും വേണം. രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനിലെ രജിസ്‌ട്രേഷന്‍ വഴിയാണ് നിലനില്‍ക്കുന്നത്. കമ്മീഷന്‍ എങ്ങനെ ആ രാഷ്ട്രീയ പാര്‍ട്ടികളോട് വിവേചനം കാണിക്കുമെന്ന് അദ്ദേഹം ആരാഞ്ഞു. തെരഞ്ഞടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്നും ചിലര്‍ എസ്ഐആറിനെ കുറിച്ച് കള്ളം പ്രചരിപ്പിക്കുന്നുവെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് രംഗത്ത് പരാതിയുണ്ടെങ്കില്‍ 45 ദിവസത്തിനകം കോടതിയെ സമീപിക്കാന്‍ അവസരം ഉണ്ട്. പ്രതിപക്ഷം രാജ്യത്തിന്റെ ഭരണഘടനയെ അപമാനിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വോട്ട് കൊള്ളയെന്ന ആരോപണം ഇന്ത്യയുടെ ഭരണഘടനയ്ക്ക് അപമാനമാണ്. വോട്ടിംഗ് യന്ത്രത്തെ കുറിച്ച് സുപ്രീം കോടതി അന്തിമ വിധി പറഞ്ഞതാണ്. വോട്ടറുടെ സ്വകാര്യത സംരക്ഷിക്കണം എന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി സ്വകാര്യത ലംഘിച്ചു എന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിമര്‍ര്‍ശിച്ചു.
ആരോപണങ്ങള്‍ നടത്തുന്നതിന് ചില വോട്ടര്‍മാരുടെ ചിത്രം അനുമതിയില്ലാതെ ഉപയോഗിച്ചു. അവര്‍ക്കെതിരെ കള്ള ആരോപണം ഉന്നയിച്ചു. കേരളത്തിലുള്‍പ്പെടെ ഉയരുന്ന ആരോപണങ്ങള്‍ എല്ലാം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനാധിപത്യത്തെ ചോദ്യം ചെയ്യുന്ന തരത്തില്‍ വോട്ടുചോര്‍ച്ചാ തെളിവുകള്‍ പുറത്തുവിട്ടിട്ടും തിരഞ്ഞെടുപ്പ് കമ്മിഷന്‍ എന്തുകൊണ്ട് മൗനം തുടരുന്നു എന്ന ചോദ്യംപ്രതിപക്ഷം നിരന്തരം ആവര്‍ത്തിച്ചിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മിഷന്‍ പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു. രാഹുല്‍ ഗാന്ധി വോട്ടുകവര്‍ച്ചാ ആരോപണമുന്നയിച്ച് പ്രചാരണം കടുപ്പിച്ചതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്താ സമ്മേളനവുമായി രംഗത്തെത്തിയത്.
