ചെന്നൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തമിഴ്നാടു മന്ത്രിയും ഡിഎംകെ നേതാവുമായ പെരിയ സാമിയുടെയും അദ്ദേഹത്തിന്റെ മകനും എംഎല്‍എയുമായ സെന്തില്‍ കുമാറിന്റെയും വീടുകളും സ്ഥാപനങ്ങളും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശനിയാഴ്ച രാവിലെ റെയ്ഡ് ചെയ്തു.
കള്ളപ്പണം വെളിപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണിതെന്ന് അധികൃതര്‍ വെളിപ്പെടുത്തി. ചെന്നൈയിലും ദിണ്ഡിഗലിലുമുള്ള ഇവരുടെ വീടുകളും സ്ഥാപനങ്ങളുമാണ് റെയ്ഡ് ചെയ്തത്. പെരിയ സാമി 2006-11 മന്ത്രി സഭയില്‍ റവന്യു ഹൗസിംഗ് മന്ത്രിയായിരുന്നു. ഇപ്പോഴത്തെ മന്ത്രിസഭയില്‍ സഹകരണ മന്ത്രിയാണ്. ഇദ്ദേഹത്തിന്റെ മകനും ഭരണകക്ഷിയായ ഡിഎംകെയുടെ നേതാവും എംഎല്‍എയുമാണ്.
2012 ല്‍ പെരിയ സാമിക്കെതിരെ രജിസ്റ്റര്‍ ചെയ്ത അഴിമതി ആരോപണ കേസിന്റെ ഭാഗമായാണ് റെയ്ഡ് നടന്നത്. 2008 ല്‍ തമിഴ്നാട് ഹൗസിംഗ് ബോര്‍ഡിന്റെ സ്ഥലം മന്ത്രിയുടെ വിവേചനാധികാരം ഉപയോഗിച്ചു കൈമാറിയതുമായി ബന്ധപ്പെട്ട സംഭവമാണ് കേസിനിടയാക്കിയത്. 2008 ല്‍ ഭവനവകുപ്പു മന്ത്രിയായിരുന്ന പെരിയസാമി ഹൗസിംഗ് ബോര്‍ഡിന്റെ സ്ഥലം മുഖ്യമന്ത്രിയായിരുന്ന കരുണാനിധിയുടെ പേഴ്സണല്‍ സുരക്ഷാ ചുമതല ഉണ്ടായിരുന്ന ഗണേശനു നല്‍കിയതോടെയാണ് കേസ് ഉടലെടുത്തത്. തുടര്‍ന്നു അധികാരത്തിലെത്തിയ എംഡിഎംകെ സര്‍ക്കാര്‍ ഈ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് അഴിമതി നിരോധന നിയമമനുസരിച്ച് അന്വേഷണം നടത്തുകയുമായിരുന്നു. കേസില്‍, ഗണേശനെ ഒന്നാം പ്രതിയായും തനിക്കു ലഭിച്ച വസ്തുവിന്റെ പവര്‍ ഓഫ് അറ്റോണിയായി ഗണേശന്‍ നിയോഗിച്ച കവിത എന്ന റിയല്‍ എസ്്റേറ്റ് ഡവലപ്പറെ രണ്ടാം പ്രതിയായും മന്ത്രി പെരിയസാമി മൂന്നാം പ്രതിയായും വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രസ്തുത സ്ഥലം ഇതിനിടയില്‍ പവര്‍ ഓഫ് അറ്റോണി ലഭിച്ച കവിത, കമലമ്മാള്‍ എന്നയാള്‍ക്കു വിറ്റു. സങ്കീര്‍ണ്ണമായ ഈ കേസും കുറ്റപത്രവും തള്ളിക്കളയാനും പ്രതികള്‍ കോടതിയിലെത്തിയിരുന്നു. 2021 ല്‍ വീണ്ടും ഡിഎംകെ അധികാരത്തില്‍ വരികയും പെരിയസാമി വീണ്ടും മന്ത്രിയാവുകയും ചെയ്തു. ഇതിനിടയില്‍ കേസിന്റെ സങ്കീര്‍ണ്ണ സാങ്കേതികതകളെടുത്തു കാട്ടി കേസ് തള്ളിക്കളയാനും ശ്രമമുണ്ടായിരുന്നു. അതിനിടയിലാണ് ഇ.ഡി അന്വേഷണമാരംഭിച്ചിട്ടുള്ളത്.
