കോഴിക്കോട്: ഫറോക്ക് പൊലീസ് സ്റ്റേഷനില്‍ നിന്നു കൈവിലങ്ങുമായി രക്ഷപ്പെട്ട പോക്‌സോ കേസിലെ പ്രതി മണിക്കൂറുകള്‍ക്കകം അറസ്റ്റില്‍. അസം സ്വദേശി പ്രസന്‍ ജിത്തിനെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ 2.45മണിയോടെ ഇന്‍സ്‌പെക്ടര്‍ ടി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഫറോക്ക് മാപ്പിള യു പി സ്‌കൂളിനു സമീപത്തു ഒളിച്ചിരിക്കുന്ന നിലയിലാണ് ഇയാളെ കണ്ടെത്തിയത്.
ബുധനാഴ്ച രാത്രിയിലാണ് പ്രസന്‍ജിത്ത് പൊലീസ് സ്റ്റേഷനില്‍ നിന്നു രക്ഷപ്പെട്ടത്. മാസങ്ങള്‍ക്കു മുമ്പ് വെല്‍ഡിംഗ് തൊഴിലാളിയായാണ് ഇയാള്‍ കോഴിക്കോട്ടെത്തിയത്. ഇതിനിടയിലാണ് പെരുമുഖത്ത് താമസിക്കുന്ന അതിഥി തൊഴിലാളിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളുമായി നാടുവിട്ടത്. പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രസന്‍ജിത്തിനെയും പെണ്‍കുട്ടിയെയും ബംഗ്‌ളൂരുവില്‍ കണ്ടെത്തിയത്. കോഴിക്കോട്ടെത്തിച്ച ശേഷം പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കി. പ്രതിയെ വൈദ്യ പരിശോധനയ്ക്കു ശേഷം സ്‌റ്റേഷനില്‍ നിര്‍ത്തിയതായിരുന്നു. രാത്രി വൈകിയതോടെ പൊലീസുകാരുടെ കണ്ണുവെട്ടിച്ചാണ് പ്രതി കൈവിലങ്ങുമായി രക്ഷപ്പെട്ടത്.
