കാസര്‍കോട്: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും സി പി എം നേതാവുമായിരുന്ന വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് ഫേസ് ബുക്കില്‍ പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍. പള്ളിക്കര, തൊട്ടിയിലെ ഫൈസലിനെയാണ് ബേക്കല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം വി ശ്രീദാസും സംഘവും അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച രാവിലെ കോഴിക്കോട് വിമാനത്താവളത്തില്‍ വച്ചാണ് അറസ്റ്റ്.
വി എസ് അന്തരിച്ച സമയത്താണ് വി എസ് വര്‍ഗ്ഗീയ വാദിയാണെന്നു പറഞ്ഞു കൊണ്ടുള്ള അധിക്ഷേപ പോസ്റ്റിട്ടത്. സംഭവം ശ്രദ്ധയില്‍പ്പെട്ട പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഗള്‍ഫില്‍ വച്ചാണ് പോസ്റ്റിട്ടതെന്നു വ്യക്തമായിരുന്നു. തുടര്‍ന്ന് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ചാണ് ഗള്‍ഫില്‍ നിന്നു വരുന്നതിനിടയില്‍ ഫൈസല്‍ പിടിയിലായത്.
