കാസര്‍കോട്: റോഡരുകില്‍ ലോറി നിര്‍ത്തി മൂത്രവിസര്‍ജ്ജനം നടത്തുകയായിരുന്ന ലോറി ഡ്രൈവര്‍ തലയിലേക്ക് മരക്കൊമ്പ് പൊട്ടി വീണ് മരിച്ചു. കര്‍ണ്ണാടക, ബണ്ട്വാള്‍, പേറാജെ, കുടോലു ഹൗസിലെ പരേതരായ കാന്തപ്പ ഗൗഡ-ഗീതമ്മ ദമ്പതികളുടെ മകന്‍ കെ. ജഗദീശ ഗൗഡ (50)യാണ് മരിച്ചത്. ബുധനാഴ്ച രാവിലെ ആറേകാല്‍ മണിയോടെ പെര്‍ള-സീതാംഗോളി റോഡിലെ ബെദിരംപളളയിലാണ് അപകടം. മൂടുബിദ്രിയില്‍ നിന്നു കാസര്‍കോട്ടേക്ക് കാലിത്തീറ്റയുമായി വരികയായിരുന്നു ജഗദീശഗൗഡ. ക്ലീനറും കൂടെയുണ്ടായിരുന്നു. ബെദിരംപള്ളയിലെ വിജനമായ സ്ഥലത്തെത്തിയപ്പോള്‍ ലോറി റോഡരുകില്‍ നിര്‍ത്തി മരത്തിന്റെ ചുവട്ടില്‍ മൂത്രമൊഴിക്കുകയായിരുന്നു ജഗദീശ. ഇതിനിടയില്‍ മരത്തിന്റെ കൊമ്പ് ഒടിഞ്ഞ് തലയില്‍ വീഴുകയായിരുന്നു. ക്ലീനറാണ് അപകടം ആദ്യം കണ്ടത്. ക്ലീനര്‍ അതുവഴിയെത്തിയ യാത്രക്കാരോട് വിവരം പറഞ്ഞു. ഉടന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജഗദീശയെ രക്ഷിക്കാനായില്ല. ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചു.
ഭാര്യ: പ്രേമ. മക്കള്‍: മോക്ഷിത്ത്, ബിന്ദു. സഹോദരങ്ങള്‍: ഗിരീശ, കേശവ, ഭരത്.
