കാസര്‍കോട്: ഒരുദിവസത്തിനിടെയുണ്ടായ മൂന്നു മരണങ്ങള്‍ പെരിയയെയും പ്രദേശത്തെയും കണ്ണീരിലാഴ്ത്തി. പെരിയ സഹകരണ ബാങ്കിന് സമീപത്തെ വി ബാലകൃഷ്ണന്‍, പെരിയ ഏച്ചിക്കുണ്ടിലെ ലക്ഷ്മി, പെരിയ ബസ് സ്റ്റോപ്പിന് സമീപത്തെ പുല്ലാക്കൊടി നാരായണന്‍ നായര്‍ എന്നിവരാണ് മരിച്ചത്. 85 കാരനായ നാരായണന്‍ നായര്‍ ബുധനാഴ്ച രാവിലെയാണ് മരിച്ചത്. വി.ബാലകൃഷ്ണന്‍ ചൊവ്വാഴ്ച രാവിലെയും ലക്ഷ്മി ഉച്ച കഴിഞ്ഞുമാണ് മരണപ്പെട്ടത്. എല്‍ഐസി ഏജന്റായിരുന്ന ലക്ഷ്മി അസുഖബാധിതയായിരുന്നു. 75 കാരനായ ബാലകൃഷ്ണന്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരിച്ചത്. അധ്യാപികയായ മകളെ സമീപത്തെ പെരിയ സ്‌കുളില്‍ തന്റെ വാഹനത്തില്‍ കൊണ്ട് വിട്ട് തിരികെ വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ദീര്‍ഘകാലം കുവൈത്തിലായിരുന്ന അദ്ദേഹം പ്രവാസം ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി കൃഷിയിലേര്‍പ്പെട്ടിരുന്നു. ബാലകൃഷ്ണന്റെ വിയോഗത്തിലുള്ള വേദന തീരുന്നതിന് മുമ്പെയാണ് ലക്ഷ്മിയുടെ മരണ വാര്‍ത്തയും എത്തിയത്. ഈ രണ്ട് വീടുകളും സമീപ സ്ഥലങ്ങളിലാണ്. രണ്ട് പേരുടെയും സംസ്‌കാരച്ചടങ്ങുകള്‍ ചൊവ്വാഴ്ച തന്നെ നടന്നു. ഇതിനിടെയാണ് ദു:ഖത്തിന് ആക്കം കൂട്ടി നാരായണന്‍ നായരുടെ വിയോഗം കൂടിയുണ്ടായത്. പെരിയ ബസ് സ്റ്റോപ്പിലെ ആദ്യ കാല വ്യാപാരിയായിരുന്നു നാരായണന്‍ നായര്‍. ഈ അടുത്ത കാലം വരെ കട പ്രവര്‍ത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ ചായയുടെയും പലഹാരത്തിന്റേയും രുചിഅറിയാത്തവര്‍ പഴയ തലമുറയില്‍ ഉണ്ടാകില്ല. മാത്രമല്ല, പ്രദേശത്തെ ഒരു തണല്‍ മരം കൂടിയായിരുന്നു അദ്ദേഹം. കുടിവെള്ളം കിട്ടാതെ വലയുന്നവര്‍ക്ക് വലിയൊരു ആശ്വാസ കേന്ദ്രമായിരുന്നു നാരായണന്‍ അദ്ദേഹത്തിന്റെ ചായക്കട. സമീപത്തെ ആശുപത്രികളിലെത്തുന്ന രോഗികളും മറ്റും ഗുളിക കഴിക്കാനും മറ്റു ആവശ്യങ്ങള്‍ക്കും വെള്ളം ലഭിച്ചിരുന്നത് നാരായണന്‍ നായരുടെ കടയില്‍ നിന്നായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ നന്മ നിറഞ്ഞ മനസിനെ ഇപ്പോഴും നന്ദിയോടെ അനുസ്മരിക്കുകയാണ് നാട്.
