തൃശൂര്‍: വോട്ടുവിവാദത്തില്‍ ഇടതു, വലതു മുന്നണികളെ പരിഹസിച്ചു ബിജെപി നേതാവ് കെ സുരേന്ദ്രന്‍. സംസ്ഥാനത്ത് ഒരു എംഎല്‍എ പോലുമില്ലാത്ത പാര്‍ട്ടി 60,000 അനധികൃത വോട്ടുകള്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍ എല്‍ഡിഎഫും യുഡിഎഫും എന്തുകണ്ടിരിക്കുകയായിരുന്നെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് ചോദിച്ചു. ഇതുപോലും കണ്ടുപിടിക്കാനായില്ലെങ്കില്‍ കെട്ടിത്തൂങ്ങി ചാകുന്നതാണ് നല്ലതെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. 2029ലും 2034 ലും സുരേഷ് ഗോപി തൃശൂരില്‍ ജയിക്കുമെന്നും ഇനിയും വോട്ട് ചേര്‍ക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഈ ആരോപണങ്ങള്‍ സുരേഷ് ഗോപിയുടെ ജനപിന്തുണ വര്‍ധിപ്പിക്കുമെന്നും സുരേന്ദ്രന്‍ തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. സുരേഷ് ഗോപി തൃശൂരില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായിരുന്നു താനെന്നും എന്താണ് നടന്നതെന്ന് തനിക്കറിയാമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സുരേഷ് ഗോപിയെ പിന്തുണച്ചാണ് സുരേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മറുപടി നല്‍കിയത്.
ആറ് മാസത്തിലധികം സ്ഥിരതാമസമുള്ള ഏത് പൗരനും മണ്ഡലത്തില്‍ വോട്ട് ചേര്‍ക്കാം. അങ്ങനെയാണ് സുരേഷ് ഗോപിയും കുടുംബവും വോട്ട് ചേര്‍ത്തത്. സുരേഷ് ഗോപി കഴിഞ്ഞ രണ്ടുവര്‍ഷമായി തൃശൂര്‍ മണ്ഡലത്തിലുണ്ട്. ഒരുവര്‍ഷം മുന്‍പ് തന്നെ സ്ഥാനാര്‍ഥിയുടെ പേര് പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹം സമ്പൂര്‍ണമായി ഇവിടെയുണ്ട്. അതിന്റെ ഭാഗമായി സുരേഷ് ഗോപിയും കുടുംബാംഗങ്ങളും വീട് വാടകക്ക് എടുത്ത് താമസിച്ചു. പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഏതാനും ചില വോട്ടുകള്‍ മറ്റുചില ജില്ലകളില്‍ നിന്ന് മാറ്റിയിട്ടുണ്ട്. വിരലില്‍ എണ്ണാവുന്ന ചില വോട്ടുകള്‍ വച്ചാണ് ഈ ആരോപണം ഉന്നയിക്കുന്നത്. കോണ്‍ഗ്രസിലെയും സിപിഎമ്മിലെയും എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും ഇതുപോലെ പല സ്ഥലങ്ങളിലും വോട്ടുണ്ടൈന്നും സുരേന്ദ്രന്‍ പറഞ്ഞു.
