കണ്ണൂര്‍: സ്ത്രീയുടെ വീട്ടു വളപ്പില്‍ നിന്നു രണ്ടു ലക്ഷത്തോളം രൂപ വില വരുന്ന ചന്ദനമരം മുറിച്ചു കടത്തിയ യുവാവ് അറസ്റ്റില്‍. ശിവപുരം ലക്ഷം വീട് ഉന്നതിയിലെ കുട്ടന്‍ എന്ന കെ.പി നിധീഷി(32)നെയാണ് മട്ടന്നൂരില്‍ വച്ച് എടക്കാട് എസ്.ഐ. എന്‍ ദിജേഷും സംഘവും അറസ്റ്റു ചെയ്തത്. ജുലായ് 16ന് നടാല്‍ പായത്ത് ടി.പി രമയുടെ വീട്ടുവളപ്പില്‍ നിന്നു 30 അടി ഉയരമുള്ള ചന്ദനമരം മുറിച്ച് കടത്തിയ കേസിലാണ് അറസ്റ്റ്. ഊര്‍പഴശ്ശി കാവിനു സമീപത്ത് നിന്നും ചന്ദനമരം മോഷണം പോയതായി പരാതി ഉണ്ടായിരുന്നു. ഇതിനിടയിലാണ് നിധീഷ് പൊലീസിന്റെ പിടിയിലായത്. പൊലീസ് സംഘത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ലവന്‍, നൗഫല്‍, സിപിഒമാരായ നിധിന്‍, സുജിന്‍ എന്നിവരും ഉണ്ടായിരുന്നു,
