ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയില്‍ ക്രമക്കേടെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് പ്രതിപക്ഷ എംപിമാര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബിഹാര്‍ വോട്ടര്‍ പട്ടികയില്‍ ക്രമേക്കേട് ആരോപിച്ചാണ് മാര്‍ച്ച്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മാര്‍ച്ചില്‍ പങ്കെടുത്തു. പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. മാര്‍ച്ചിന് മുമ്പായി കമ്മീഷന്‍ ആസ്ഥാനത്തേക്കുള്ള നീക്കം തടയാന്‍ ട്രാന്‍സ്‌പോര്‍ട്ട് ഭവന് ചുറ്റും പൊലീസ് നിരവധി ബാരിക്കേഡുകള്‍ സ്ഥാപിച്ച് സുരക്ഷ ശക്തമാക്കിയിരുന്നു. എംപിമാരോട് മാര്‍ച്ച് അവസാനിപ്പിക്കാന്‍ പൊലീസ് ഉച്ചഭാഷിണികളിലൂടെ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അതിന് എംപിമാര്‍ തയ്യാറായില്ല. ബാരിക്കേഡ് ചാടിക്കടക്കാന്‍ എംപിമാര്‍ ശ്രമിച്ചു. ടിഎംസിയുടെ മഹുവ മൊയ്ത്ര, സമാജ്വാദി പാര്‍ട്ടിയുടെ അഖിലേഷ് യാദവ് എന്നിവരുള്‍പ്പെടെ ചില എംപിമാര്‍ ബാരിക്കേഡുകള്‍ കയറി. മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെയുള്ള മറ്റുള്ളവര്‍ സ്ഥലത്ത് കുത്തിയിരിപ്പ് സമരം നടത്തി. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവരുള്‍പ്പെടെ മുതിര്‍ന്ന പ്രതിപക്ഷ എംപിമാരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി. എംപിമാരെ പിന്നീട് അറസ്റ്റുചെയ്തു നീക്കി. വിയോജിപ്പുകള്‍ അടിച്ചമര്‍ത്താന്‍ അധികാരികള്‍ പൊലീസിനെ ഉപയോഗിക്കുന്നതായി സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു.
