ബദിയഡുക്ക: നാടോടുമ്പോള്‍ നടുവേ ഓടണമെന്ന് ഒരു ചൊല്ലില്ലേ? ബദിയഡുക്ക അക്കാര്യത്തില്‍ മുന്നേറുന്നു. തെരുവുനായ്ക്കള്‍ നടൊട്ടുക്കു വഴിയാത്രക്കാരെയും വിദ്യാര്‍ത്ഥികളെയും സാധുക്കളായ നാട്ടുകാരെയും സംഘം ചേര്‍ന്ന് ഓടിച്ചിട്ടു കടിച്ചു പറിക്കുകയും സംസ്ഥാന വ്യാപകമായി അതു കോലാഹലങ്ങള്‍ക്കു വഴിവയ്ക്കുകയും ചെയ്യുമ്പോള്‍ ബദിയഡുക്കയില്‍ നായ്ക്കള്‍ ഒരു പടികൂടി മുന്നേറുകയാണ്. ഇവിടെ റോഡുകള്‍ കൈയേറി അവയില്‍ ഇരുന്നും കിടന്നും നിരങ്ങിയും നായ്ക്കള്‍ റോഡ് സ്വന്തം വിശ്രമകേന്ദ്രമാക്കിയിരിക്കുന്നു. ഇതിനിടയില്‍ വരുന്ന വാഹനങ്ങള്‍ വഴി മാറിപ്പോകണമെന്നാണ് സ്ഥിതി. കുഴപ്പമൊന്നുമുണ്ടാവാതിരിക്കണമെങ്കില്‍ അങ്ങനെയൊക്കെ പൊയ്‌ക്കോ എന്ന് അധികൃതര്‍ മൗനം കൊണ്ടു ഉപദേശിക്കുന്നു. ഇതിനിടയില്‍ ഏതെങ്കിലും ഒരു ഇരുചക്രവാഹനമെങ്കിലും റോഡിനു നടുക്കു കിടക്കുന്ന നായ്ക്കളെ ഹോണ്‍ ചെയ്‌തോ, വാഹനം റൈസ് ചെയ്‌തോ വിരട്ടാന്‍ നോക്കിയാല്‍ പിന്നത്തെ സ്ഥിതി പറയേണ്ട. അവയെല്ലാം കൂടി ചാടി എണീറ്റു കുരച്ചു കൊണ്ട് ആ വാഹനത്തെ പിന്തുടര്‍ന്നു യാത്രക്കാരന്‍ പരിഭ്രമിച്ചു വീണാലും അനുഭവിച്ചോ എന്ന മനോഭാവമാണ് അധികൃത കേന്ദ്രങ്ങള്‍ക്കെന്നു നാട്ടുകാര്‍ പറയുന്നു. വിവിധ ആവശ്യങ്ങള്‍ക്കു ടൗണിലെത്തുന്നവര്‍ ഇപ്പോള്‍ നായ്ക്കളെയും ഭയക്കേണ്ട സ്ഥിതിയായിരിക്കുകയാണെന്ന് അവര്‍ നിസ്സംഗത പ്രകടിപ്പിക്കുന്നു. വിദ്യാര്‍ത്ഥികള്‍, മറ്റു യാത്രക്കാര്‍ എന്നിവരും ഇതേ അവസ്ഥയിലാണെന്നും പരാതിയുണ്ട്.
ടൗണില്‍ മാത്രമല്ല, ബദിയഡുക്കയുടെ പല ഭാഗങ്ങളിലും ഇതു വലിയ ഭീതി പരത്തുന്നുണ്ടെന്നും നാട്ടുകാര്‍ക്കു പരാതിയുണ്ട്.
