കണ്ണൂര്‍: വ്യാജ ഷെയര്‍ ട്രേഡിങ് ആപ്പ് ഉപയോഗിച്ച് ഡോക്ടര്‍ ദമ്പതികളില്‍ നിന്ന് നാല് കോടിയിലധികം രൂപ തട്ടിയ കേസില്‍ പ്രതികളെ കണ്ണൂര്‍ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കാഞ്ചിപുരം സ്വദേശി മെഹബൂബ്, എറണാകുളം സ്വദേശി റിജാസ് എന്നിവരെ ചെന്നൈയില്‍ നിന്നാണ് പിടികൂടിയത്. അമിത ലാഭമെന്ന വാഗ്ദാനത്തില്‍ വീണ മട്ടന്നൂര്‍ സ്വദേശികളായ ഡോക്ടര്‍ ദമ്പതികളില്‍ നിന്ന് 4 കോടി 43 ലക്ഷം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. അപ്സ്റ്റോക്ക് എന്ന വെരിഫെയ്ഡായിട്ടുള്ള ആപ്ലിക്കേഷന്റെ വ്യാജ പതിപ്പുമായാണ് പ്രതികള്‍ സമീപിച്ചത്. അംഗീകൃതമായ സ്റ്റോക്കുവാങ്ങുന്നവരാണെങ്കില്‍ പകുതി വിലക്ക് ലഭിക്കുമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഡോക്ടര്‍മാരായ ഭര്‍ത്താവിന്റെയും ഭാര്യയുടെയും മൂന്ന് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പ്രതികളുടെ 20 അക്കൗണ്ടുകളിലേക്ക് 4 കോടി 43 ലക്ഷം മാറ്റുകയായിരുന്നു. പിന്നീട് 7 കോടിയോളം ആവശ്യപ്പെട്ടതോടെയാണ് ഡോക്ടര്‍ ദമ്പതികള്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തട്ടിപ്പ് സംഘത്തിലെ മറ്റു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട സംഘം കൂടുതല്‍ പേരെ ലക്ഷ്യമിട്ടിരുന്നതായി പൊലീസ് സൂചന നല്‍കി. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
