തിരുവനന്തപുരം: പെണ്‍കുട്ടിയാണെന്ന വ്യാജേന ഡേറ്റിങ് ആപ്പിലൂടെ യുവാവുമായി സൗഹൃദം സ്ഥാപിച്ചശേഷം തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്നെന്ന കേസില്‍ നാലുപേര്‍ പിടിയില്‍. മടത്തറ സ്വദേശി മുഹമ്മദ് സല്‍മാന്‍ (19), കൊല്ലായില്‍ സ്വദേശി സുധീര്‍ (24), ചിതറ സ്വദേശി സജിത്ത് (18), കുളത്തൂപ്പുഴ സ്വദേശി ആഷിഖ് എന്നിവരാണ് അറസ്റ്റിലായത്. ഒരാളെ തിരുവനന്തപുരത്തുനിന്നും മറ്റു മൂന്നു പേരെ ആലപ്പുഴയിലെ ഹോട്ടലില്‍ നിന്നുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ കൃത്യത്തിന് ഉപയോഗിച്ച കാറും പൊലീസിന്റെ കസ്റ്റഡിയില്‍ ഉണ്ട്. മുന്‍പും പ്രതികള്‍ സമാനമായരീതിയില്‍ സ്വര്‍ണ്ണവും പണവും അപഹരിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഡേറ്റിംഗ് ആപ്പ് വഴി പെണ്‍കുട്ടി എന്ന വ്യാജേനെ പരിചയപ്പെടുകയും പരിചയം സ്ഥാപിച്ച ശേഷം യുവാവിനെ നേരില്‍ കാണാന്‍ വിളിച്ചുവരുത്തി. തുടര്‍ന്ന് കാറില്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നു. നഗ്‌നനാക്കി ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തിയ ശേഷം രണ്ടു പവന്‍ മാലയും മോതിരവും ഊരി വാങ്ങി. പിന്നീട് പ്രതികള്‍ യുവാവിനെ മര്‍ദിച്ച് അവശനാക്കുകയും സുമതി വളവില്‍ ഉപേക്ഷിക്കുകയും ചെയ്തു എന്നാണ് യുവാവിന്റെ പരാതി. ഇവരുടെ പക്കല്‍നിന്ന് പണവും മൊബൈല്‍ ഫോണുകളും രണ്ട് ആഡംബര ബൈക്കുകളും പിടിച്ചെടുത്തു. മോഷ്ടിച്ച സ്വര്‍ണം വിറ്റതായി കണ്ടെത്തിയെന്നും വെഞ്ഞാറമൂട് എസ്എച്ച്ഒ ആസാദ് അബ്ദുല്‍ കലാം പറഞ്ഞു.
