കൊച്ചി: പതിനാലു വയസുകാരനെ ഭീഷണിപ്പെടുത്തി ലഹരിക്കടിമയാക്കിയെന്ന കേസില്‍ അമ്മൂമ്മയുടെ ആണ്‍സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി പ്രബിന്‍ അലക്സാണ്ടര്‍ ആണ് പിടിയിലായത്. കൊച്ചി നോര്‍ത്ത് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബാലനീതി നിയമ പ്രകാരവും കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് ബിഎന്‍എസ് പ്രകാരവുമാണ് പ്രബിനെതിരെ കേസെടുത്തിടുത്തത്.
കുട്ടിയുടെ പിതാവ് വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചിരുന്നു. തുടര്‍ന്ന് മാതാവ് മറ്റൊരു വിവാഹം കഴിച്ച് മറ്റൊരു വീട്ടിലാണ് താമസം. 14 കാരന്‍ അമ്മൂമ്മയുടെ കൂടെയാണ് താമസിക്കുന്നത്. ഈ വീട്ടില്‍ പ്രബിന്‍ ഇടക്കിടെ താമസിക്കാന്‍ എത്തുമായിരുന്നു. കഴിഞ്ഞ ക്രിസ്മസിന് തലേ ദിവസം കുട്ടിക്ക് മദ്യം നല്‍കിയിരുന്നു. നിരസിച്ചതോടെ കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തി മദ്യം കുടിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ കുട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ നിര്‍ബന്ധിച്ച് കഞ്ചാവ് വലിപ്പിച്ചു. പിന്നീട് കുട്ടി മദ്യപിക്കാന്‍ തുടങ്ങിയതോടെ അക്രമാസക്തനായി. കഞ്ചാവ് വലിക്കാറുണ്ടെന്ന് കുട്ടി സുഹൃത്തിനോട് പറഞ്ഞിരുന്നു. സുഹൃത്ത് ഇക്കാര്യം കുട്ടിയുടെ മാതാവിനെ അറിയിച്ചു. മാതാവും രണ്ടാനച്ഛനുമാണ് പൊലീസില്‍ പരാതി നല്‍കിയത്.
