ഇരിട്ടി: കൂട്ടുപുഴയിലെ പൊലീസ് ചെക്പോസ്റ്റിൽ വാഹനത്തിലെത്തിയ മൂന്നുപേരുടെ ദേഹപരിശോധനയ്ക്കിടെ പുഴയിൽ ചാടിയ യുവാവിനെ കണ്ടെത്താനായില്ല. ഇന്നും തിരച്ചിൽ തുടങ്ങി. ഫയർഫോഴ്സ്, സ്കൂബ ടീം നേതൃത്വത്തിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്. തലശ്ശേരി പൊതുവാച്ചേരി സ്വദേശി അബ്ദുൾ റഹീം (30) ആണ് പുഴയിൽ ചാടിയത്. ഇയാൾ കാപ്പ കേസിലെ വാറണ്ട് പ്രതിയാണ്. വെള്ളിയാഴ്ച വൈകിട്ട് 5.30-ഓടെ കർണാടകത്തിൽനിന്ന് മാക്കൂട്ടം ചുരംവഴി എത്തിയ ഇന്നോവ കാർ പോലീസ് പരിശോധിക്കുന്നതിനിടെയാണ് സംഭവം. ദേഹപരിശോധനയ്ക്കിടെ കൂട്ടുപുഴ പാലത്തിനും പൊലീസ് ചെക്ക് പോസ്റ്റിനും ഇടയിലൂടെ റഹീം പെട്ടെന്ന് കുതറിയോടി പുഴയിൽ ചാടുകയായിരുന്നു. കുത്തൊഴുക്കുള്ള പുഴയിൽപ്പെട്ട റഹീം മുങ്ങിപ്പോയി. പേരട്ട പുഴയും ബാരാപ്പോൾ പുഴയും കൂടിച്ചേരുന്ന സ്ഥലത്തേക്കാണ് ഇയാൾ എടുത്തു ചാടിയത്. ഇരു പുഴയും ചേരുന്ന സ്ഥലം എന്ന നിലയിലും കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്തത് കാരണവും പുഴയിൽ ശക്തമായ കുത്തൊഴുക്കാണ്. ഇരിട്ടി അഗ്നിശമനസേനയും പൊലീസും ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും റഹീമിനെ കണ്ടെത്താനായിട്ടില്ല. കൂട്ടുപുഴ മേഖലയിൽ ശക്തമായ മഴ തുടരുന്നത് കാരണവും രാത്രിയിലെ വെളിച്ചക്കുറവും പുഴയിലെ അപകടകരമായ നിലയിലുള്ള കുത്തൊഴുക്കും കാരണം രാത്രിയോടെ തിരച്ചിൽ നിർത്തി വച്ചു. ഇയാൾക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന ചെറുവാഞ്ചേരി സ്വദേശി ഹാരിസ്, കോഴിക്കോട് മെഡിക്കൽ കോളേജ് സ്വദേശി നിധിൻ എന്നിവരെ ഇരിട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്.പൊലീസിനെ ആക്രമിച്ച കേസിലും കാപ്പാ കേസിലും കണ്ണൂർ സ്റ്റേഷനിലെ വാറണ്ട് പ്രതിയാണ് റഹീം.
