കോഴിക്കോട്: തടമ്പാട്ട്, താഴത്ത് സഹോദരിമാരെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീജയ, പുഷ്പ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവരുടെ സഹോദരന്‍ പ്രമോദിനെ കാണാനില്ല. സഹോദരിമാരും പ്രമോദും മൂന്നു വര്‍ഷമായി തടമ്പാട്ട് താഴത്തെ വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചിന് പ്രമോദ് സുഹൃത്തിനെ ഫോണില്‍ വിളിച്ച് സഹോദരിമാര്‍ മരിച്ചുവെന്നു അറിയിച്ചിരുന്നു. സുഹൃത്ത് ഉടന്‍ സ്ഥലത്തെത്തിയെങ്കിലും പ്രമോദിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് പ്രമോദിന്റെ ബന്ധു സ്ഥലത്ത് എത്തി വീട്ടിനു അകത്ത് നടത്തിയ പരിശോധനയില്‍ രണ്ടു മുറികളിലായി സഹോദരിമാരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വെളള പുതപ്പിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. കാണാതായ പ്രമോദിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഫലം ഉണ്ടായില്ല. ഇയാളെ കണ്ടെത്തിയാലേ സഹോദരിമാരുട മരണം സംബന്ധിച്ച കൃത്യമായ വിവരം ലഭിക്കുകയുള്ളുവെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
