കാസര്‍കോട്: സെലിബ്രിറ്റിയുടെ ഫാന്‍ ഫൈറ്റിന്റെ പേരില്‍ പെണ്‍കുട്ടിയുടെ നഗ്‌നചിത്രം പ്രചരിപ്പിച്ച മുംബൈ സ്വദേശി അറസ്റ്റില്‍. 19 കാരനായ അംജദ് ഇസ്ലാം എന്ന യുവാവിനെയാണ് കാസര്‍കോട് സൈബര്‍ ക്രൈം പൊലീസ് മുംബൈയില്‍ നിന്നും പിടികൂടിയത്. യുവാവിനോടുള്ള വിരോധത്തില്‍ കുടുംബ ഫോട്ടോ കൈക്കലാക്കി യുവാവിന്റെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയുടെ നഗ്‌നചിത്രം മോര്‍ഫ് ചെയ്തു സാമൂഹ്യ മാധ്യമം വഴി പ്രചരിപ്പിച്ചെന്ന കേസിലാണ് പ്രതി പിടിയിലായത്. ജുലൈ 11 നാണ് യുവാവ് സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും ഉണ്ടാക്കിയ വ്യാജ അക്കൗണ്ട് വഴി നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന് കണ്ടെത്തി.
അന്വേഷണത്തില്‍ പ്രതിയുടെ സ്വദേശം മുംബൈ ആണെന്ന് വ്യക്തമായി. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി ബിവി വിജയ ഭരത് റെഡ്ഡിയുടെ മേല്‍നോട്ടത്തില്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ യുപി വിപിന്‍, സബ് ഇന്‍സ്പെക്ടര്‍ രവീന്ദ്രന്‍ മടിക്കൈ, ഉദ്യോഗസ്ഥരായ സവാദ് അഷ്റഫ്, സുരേഷ്, ഹരിപ്രസാദ് എന്നിവരടങ്ങിയ സംഘം മുംബൈയിലേക്ക് തിരിച്ചു. പ്രതി താമസിക്കുന്ന സ്ഥലമെന്ന് കരുതി കിലോമീറ്ററുകളോളം വ്യാപിച്ചു കിടക്കുന്ന ചേരി പ്രദേശത്താണ് സംഘം എത്തിയത്. രണ്ട് ദിവസം പ്രതിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു. 5 ദിവസത്തെ തെരച്ചിലിന് ഒടുവില്‍ താമസ സ്ഥലത്തു വെച്ച് പ്രതിയെ പിടികൂടി. പ്രതിയെ നാട്ടിലെത്തിച്ച് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
