കാസര്‍കോട്: തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പെരിയ നമ്പിയായിരുന്ന പുല്ലൂര്‍, വിഷ്ണുമംഗലം മരുതംപാടി ഇല്ലത്തെ നാരായണന്‍ പത്മനാഭന്‍ മരുതംപാടിത്തായര്‍ (64) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി 11.30 മണിയോടെയായിരുന്നു അന്ത്യം. ശുചിമുറിയില്‍ വീണ നിലയില്‍ കാണപ്പെട്ട നാരായണന്‍ പത്മനാഭനെ ഉടന്‍ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം, കുമാരനെല്ലൂര്‍ ദേവീക്ഷേത്രം, ആയമ്പാറ മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളില്‍ മേല്‍ശാന്തിയായിരുന്നു.
2008 മുതല്‍ 2009വരെ തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പഞ്ചഗവ്യത്ത് നമ്പിയായും 2009 മുതല്‍ 2015 വരെ പെരിയ നമ്പിയായും സേവനമനുഷ്ഠിച്ചു. നല്ലൊരു കര്‍ഷകന്‍ കൂടിയായിരുന്ന അദ്ദേഹത്തിനു പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തിലെ മികച്ച കര്‍ഷകനുള്ള കര്‍ഷകശ്രീ പുരസ്‌കാരം ലഭിച്ചിരുന്നു.
ഭാര്യ: ഉഷ അന്തര്‍ജ്ജനം. മക്കള്‍: കിഷോര്‍ നാരായണന്‍(ഐ.ടി തിരുവനന്തപുരം), പത്മകുമാര്‍. മരുമകള്‍: കൃഷ്ണപ്രിയ. സഹോദരങ്ങള്‍: കേശവന്‍ അഞ്ജനംതോടിത്തായര്‍, ശിവദാസ് മരുതംപാടിത്തായര്‍ (മേല്‍ശാന്തി, തലശ്ശേരി തിരുവങ്ങാട്, ശ്രീരാമസ്വാമി ക്ഷേത്രം), സത്യന്‍ മരുതംപാടിത്തായര്‍(മേല്‍ശാന്തി, പുല്ലൂര്‍, വിഷ്ണുമംഗലം മഹാവിഷ്ണുക്ഷേത്രം), ശ്രീരാമന്‍ മരുതംപാടിത്തായര്‍ (അധ്യാപകന്‍, നീലേശ്വരം രാജാസ് ഹൈസ്‌കൂള്‍).
സംസ്‌കാരം ഉച്ചകഴിഞ്ഞ് മരുതംപാടി ഇല്ലത്ത് നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
