കാസര്‍കോട്: നിര്‍മ്മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നു വീണു അലുമിനീയം ഫാബ്രിക്കേഷന്‍ സ്ഥാപന ഉടമ മരിച്ച കേസില്‍ കരാറുകാരന്‍ അറസ്റ്റില്‍. പുല്ലൂരിലെ നരേന്ദ്രനെയാണ് മനഃപൂര്‍വ്വം അല്ലാത്ത നരഹത്യാകുറ്റം ചുമത്തി ഹൊസ്ദുര്‍ഗ്ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി അജിത്ത് കുമാര്‍ അറസ്റ്റു ചെയ്തത്.
വെള്ളിക്കോത്ത്, പെരളം സ്വദേശിയും മഡിയനിലെ അലുമിനീയം ഫാബ്രിക്കേഷന്‍ ഷോപ്പ് ഉടമയുമായ റോയ് ജോസഫ് (48)മരണപ്പെട്ട കേസിലാണ് അറസ്റ്റ്.
മാവുങ്കാല്‍, മൂലക്കണ്ടത്തു പണിയുന്ന മൂന്നു നില കെട്ടിടത്തിന്റെ മുകളില്‍ നിന്നു ഞായറാഴ്ചയാണ് റോയ് ജോസഫ് വീണത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ മംഗ്‌ളൂരുവിലെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. ആംബുലന്‍സില്‍ കൊണ്ടുപോകുന്നതിനിടയില്‍ നരേന്ദ്രന്‍ തന്നെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേയ്ക്ക് തള്ളിയിടുകയായിരുന്നുവെന്നു റോയ് ജോസഫ് കൂടെ ഉണ്ടായിരുന്ന ഭാര്യയോടും സുഹൃത്തിനോടും പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കെട്ടിടത്തിന്റെ കരാറുകാരനായ നരേന്ദ്രനെതിരെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് വധശ്രമത്തിനു കേസെടുത്തിരുന്നു. ചികിത്സയ്ക്കിടയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ വച്ച് റോയ് ജോസഫ് മരണപ്പെട്ടു. തുടര്‍ന്ന് നരേന്ദ്രനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു വിശദമായി ചോദ്യം ചെയ്ത ശേഷമാണ് മനഃപൂര്‍വ്വം അല്ലാത്ത നരഹത്യാ കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്.
മൂന്നാം നിലയുടെ പാരപെറ്റിനു ബലം കുറവാണെന്നു പറഞ്ഞു ക്ഷുഭിതനായ റോയ് ജോസഫ് കല്ലുകള്‍ ചവിട്ടി തെറിപ്പിച്ചതായാണ് നരേന്ദ്രന്‍ പൊലീസിനു നല്‍കിയ മൊഴി.
ഉയരത്തില്‍ നിന്നു ഉണ്ടായ വീഴ്ച മൂലം ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റതാണ് റോയ് ജോസഫിന്റെ മരണത്തിനു ഇടയാക്കിയതെന്നു കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. വെള്ളിയാഴ്ച രാവിലെ മൃതദേഹം സ്വദേശമായ ഇരിട്ടിയിലേയ്ക്ക് കൊണ്ടുപോയി. പൊതുദര്‍ശനത്തിനു ശേഷം വൈകുന്നേരം നാലുമണിയോടെ ഇരിട്ടി പരപ്പ, സെന്റ് ജോസഫ് ദേവാലയം സെമിത്തേരിയിലെ കുടുംബ കല്ലറയില്‍ സംസ്‌ക്കരിക്കും.
