കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റെക്കോര്‍ഡില്‍. പവന് 160 രൂപ വര്‍ധിച്ചതോടെ 75,200 രൂപയാണ് ഇന്ന് വില. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 9,400 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 23 ന് 75000 കടന്ന് റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ താഴുന്ന കാഴ്ചയാണ് ദൃശ്യമായത്. 74,000ല്‍ താഴെ പോയ സ്വര്‍ണവില കഴിഞ്ഞ ദിവസം മുതലാണ് വീണ്ടും ഉയരാന്‍ തുടങ്ങിയത്. ഓഗസ്റ്റ് ഒന്നിന് 73,200 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചു ദിവസത്തിനിടെ 1800 രൂപയിലധികമാണ് ഉയര്‍ന്നത്. 3% ജിഎസ്ടിയും 53.10 രൂപ ഹോള്‍മാര്‍ക്ക് ഫീസും ശരാശരി 10% പണിക്കൂലിയും കൂട്ടിയാല്‍ തന്നെ ഇന്നൊരു പവന്‍ ആഭരണം വാങ്ങാന്‍ 85,000 രൂപയ്ക്കടുത്ത് നല്‍കണം.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും പ്രാദേശിക ആവശ്യകതകളിലെ ഏറ്റക്കുറച്ചിലുകളുമാണ് സ്വര്‍ണവിലയിലെ മാറ്റത്തിന് കാരണം. കേരളത്തില്‍ കര്‍ക്കിടകം ആരംഭിച്ചതും സ്വര്‍ണവിലയെ ബാധിച്ചിട്ടുണ്ട്. എന്നാല്‍ അടുത്തമാസം വിവാഹ സീസണ്‍ ആരംഭിക്കുന്നതോടെ വില ഇനിയും കൂടാനാണ് സാധ്യത.
