തളിപ്പറമ്പ്: ബസ് യാത്രയ്ക്കിടയില്‍ പരിചയപ്പെട്ട യുവതിയെ വലയിലാക്കി സ്വര്‍ണവും പണവും തട്ടിയെടുക്കുകയും കൂടുതല്‍ പണമാവശ്യപ്പെട്ട് ഭീഷണിമുഴക്കുകയും ചെയ്തുവെന്ന പരാതിയില്‍ കണ്ടക്ടര്‍ പൊലീസ് പിടിയില്‍. കണ്ണൂര്‍ സിറ്റി, കൊടപ്പറമ്പില്‍ താമസിക്കുന്ന കണ്ണാടിപ്പറമ്പ് സ്വദേശിയായ സാജിര്‍ (30) ആണ് പിടിയിലായത്. തളിപ്പറമ്പ്-കാപ്പിമല റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസിലെ കണ്ടക്ടറാണ് സാജിര്‍. ആലക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 26കാരിയില്‍ നിന്നാണ് പണവും സ്വര്‍ണവും തട്ടിയെടുത്തത്. ലാബ് ടെക്നീഷ്യയായി ജോലി ചെയ്യുന്ന യുവതി വിവാഹിതയാണ്.
ബസ് യാത്രയ്ക്കിടയില്‍ യുവതിയുമായി പരിചയം സ്ഥാപിച്ച കണ്ടക്ടര്‍ പ്രണയംനടിച്ച് വലയിലാക്കുകയായിരുന്നു. തുടര്‍ന്ന് ഏഴ് പവന്റെ സ്വര്‍ണാഭരണവും 80,000 രൂപയും കൈക്കലാക്കി. പിന്നീട് യുവതിയുടെ നഗ്‌നദൃശ്യങ്ങള്‍ തന്റെ കൈവശമുണ്ടെന്നും അവ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിമുഴക്കി അഞ്ച് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടുവത്രെ.
ഭീഷണി തുടരുന്നതിനിടയില്‍ ബുധനാഴ്ച്ച ഉച്ചയ്ക്ക് 2.45 ഓടെ തളിപ്പറമ്പ് ന്യൂസ് കോര്‍ണര്‍ കവലയില്‍ യുവതിയെ സാജിര്‍ കണ്ടെത്തി. ഇവിടെ വച്ച് ഭീഷണിമുഴക്കുകയും വാക്ക് തര്‍ക്കമാവുകയും ചെയ്തു. അതിനിടയില്‍ യുവതിയെ മര്‍ദിക്കുകയും കൈവശമുണ്ടായിരുന്ന 13,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് സാജിര്‍ ഓടിരക്ഷപ്പെടുകയും ചെയ്തു. വിവരമറിഞ്ഞ് തളിപ്പറമ്പ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ബാബുമോന്‍, എസ്.ഐ ദിനേശന്‍ കൊതേരി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി ടൗണും പരിസരവും അരിച്ചുപെറുക്കിയെങ്കിലും സാജിറിനെ കണ്ടെത്താനായില്ല. രാത്രിയോടെ കണ്ണൂര്‍ സിറ്റിയിലെ താമസസ്ഥലത്ത് വച്ചാണ് സാജിറിനെ കസ്റ്റഡിയിലെടുത്തത്. കലശലായ വയറുവേദനയുണ്ടെന്ന് സാജിര്‍ അറിയിച്ചതിനെ തടര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. അപ്പന്റിക്‌സാണെന്ന നിഗമനത്തെത്തുടര്‍ന്ന് വിദഗ്ധ ചികിത്സക്ക് ശുപാര്‍ശ നല്‍കിയതിനാല്‍ സാജിറിനെ പിന്നീട് പരിയാരം മെഡി. കോളേജാശുപത്രിയിലേക്ക് മാറ്റി. ഇവിടെ പൊലീസ് കാവലില്‍ ചികിത്സയിലാണ് സാജിര്‍.
