തളിപറമ്പ്: ഏരുവേശി മുയിപ്രയില്‍ മുച്ചക്ര സ്‌കൂട്ടര്‍ പുഴയിലേക്ക് മറിഞ്ഞ് കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. ചുണ്ടപ്പറമ്പിലെ മുണ്ടക്കല്‍ ആന്റണി (55)യുടെ മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ 9.45 ഓടെ കണ്ടെത്തിയത്. ഫയര്‍ഫോഴ്സും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. മുയിപ്ര എരുത്തുകടവ് പുഴയിലാണ് ബുധനാഴ്ച്ച രാത്രി ഒമ്പത് മണിയോടെ അംഗപരിമിതനായ ആന്റണിയുടെ മുച്ചക്ര സ്‌കൂട്ടര്‍ മറിഞ്ഞത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും രാത്രിയില്‍ നടത്തിയ പരിശോധനയില്‍ വാഹനം കണ്ടെത്തിയെങ്കിലുംആന്റണിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വെളിച്ചക്കുറവ് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചതിനാല്‍ രാത്രി 11.30ഓടെ തിരച്ചില്‍ നിര്‍ത്തിവച്ചു.
വ്യാഴാഴ്ച രാവിലെ ഫയര്‍ഫോഴ്സ് തിരച്ചില്‍ പുന:രാരംഭിച്ചു. ഇതിനിടയില്‍ അപകടം നടന്ന സ്ഥലത്തു നിന്നു 400 മീറ്ററോളം മാറി പുഴവക്കിലെ വള്ളിയില്‍ കുടുങ്ങിക്കിടന്ന നിലയില്‍ മൃതദേഹം കണ്ടെത്തി.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഭാര്യ: വിജി അമ്പാട്ട്. മക്കള്‍: റോസ്മേരി, മെര്‍ളിന്‍. ചൊവ്വാഴ്ചരാത്രിയും പ്രദേശത്ത് ഒരു കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു. പയ്യാവൂരില്‍ സ്റ്റുഡിയോ നടത്തുന്ന ഇരൂഡ് സ്വദേശി എം.എസ് ശ്രീജിത്ത് (32) അത്ഭുതകരമായാണ് കാറില്‍ നിന്ന് രക്ഷപ്പെട്ടത്. പുഴയിലേക്ക് മറിഞ്ഞ കാര്‍ ഒഴുകിപ്പോയപ്പോള്‍ വിന്‍ഡോ സീറ്റിലെ ഗ്ലാസ് ഉയര്‍ത്തി നീന്തി രക്ഷപ്പെടുകയായിരുന്നു.
