കൊച്ചി: മെട്രോ റെയിൽപ്പാലത്തിന്റെ മുകളിൽനിന്നു ചാടി യുവാവ് മരിച്ചു. മലപ്പുറം ചുള്ളിപ്പാറ വീരാശേരി കുഞ്ഞുമൊയ്തീന്റെ മകൻ നിസാറാണു മരിച്ചത്. തൃപ്പൂണിത്തുറ വടക്കേക്കോട്ട–എസ്എൻ ജങ്ഷൻ മെട്രോ സ്റ്റേഷനുകൾക്കിടയിൽ ആയിരുന്നു സംഭവം. വടക്കേകോട്ടയിൽനിന്ന് തൃപ്പൂണിത്തുറയ്ക്കു ടിക്കറ്റ് എടുത്ത ശേഷമാണു നിസാർ പ്ലാറ്റ്ഫോമിൽ എത്തിയത്. തുടർന്നു പ്ലാറ്റ്ഫോമും മറികടന്നു പുറത്തേക്ക് ഓടുകയായിരുന്നു. ഇയാൾ പുറത്തേക്ക് കടക്കുന്നതു കണ്ട മെട്രോ അധികൃതർ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ട്രെയിനുകളുടെ ഓട്ടം നിർത്തുകയും ചെയ്തു. ഇയാളെ അനുനയിപ്പിച്ചു താഴെയിറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനിടെ താഴേക്കു ചാടിയാൽ പിടിക്കുന്നതിനു വല ഉൾപ്പെടെ അഗ്നിശമന സേന തയാറാക്കി. എന്നാൽ ഇതിന് അപ്പുറത്തേക്ക് നിസാർ ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
