ന്യൂഡല്‍ഹി: സന്യാസിയാണെന്നു പറഞ്ഞു ഭാര്യയെ വിട്ടു പത്തവര്‍ഷം വീട്ടില്‍ നിന്നു മാറി നിന്നയാള്‍ അതിനു ശേഷം തിരിച്ചെത്തി ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചു കൊന്നു. തെക്കന്‍ ദില്ലിയിലെ നെബ്‌സരായിയില്‍ ബുധനാഴ്ച 12 മണിക്കാണ് സംഭവം. വീട്ടിനുള്ളില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലാണ് അയല്‍ക്കാര്‍ അവരെ കണ്ടെത്തിയത്. കൊലപാതകത്തിന്റെ കാരണം വെളിവായിട്ടില്ല.
പൊലീസ് നടത്തിയ പരിശോധനയില്‍ കിരണ്‍ഝാ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടതെന്നു സ്ഥിരീകരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിക്കാണ് വിവരം പൊലീസ് അറിഞ്ഞത്. തുടര്‍ന്ന് നടത്തിയ സിസിടിവി പരിശോധനയില്‍ 10 വര്‍ഷം മുമ്പു സന്യാസിയായിപ്പോയ അവരുടെ ഭര്‍ത്താവ് പ്രമോദ്ഝാ ബുധനാഴ്ച 12.50നു കിരണ്‍ഝായുടെ വീട്ടിലേക്കു പോകുന്ന ചിത്രം ലഭിച്ചു. കൊലപാതകത്തിനു ശേഷം അയാള്‍ തിരിച്ചു പോകുന്ന ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. ബീഹാറുകാരനായ പ്രമോദിന് 55 വയസ്സോളം പ്രായമുണ്ടാകുമെന്നു കരുതുന്നു. 10 വര്‍ഷം മുമ്പു ഭാര്യയുമായി വേര്‍പെട്ടു പോയ അയാള്‍ ആഗസ്ത് ഒന്നിനു ഡല്‍ഹിയില്‍ തിരിച്ചെത്തിയതായും സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട കിരണ്‍ഝാ മകനും മരുമകള്‍ക്കുമൊപ്പം ഡല്‍ഹിയിലായിരുന്നു താമസം. കൊലപാതക സമയത്ത് മകന്‍ ദര്‍ഗേഷ്ഝാ ബീഹാറിലെ തന്റെ ജോലി സ്ഥലത്തായിരുന്നു. നിരവധി പൊലീസ് സംഘങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടിയിട്ടുണ്ട്. ഭാര്യയെ കൊല്ലാനുപയോഗിച്ച ചുറ്റികയും കണ്ടെത്തി. അന്വേഷണം തുടരുകയാണ്.
