മംഗളൂരു: കൂട്ട ശവസംസ്കാരം നടന്നതായി ആരോപണമുയർന്ന ധർമസ്ഥലയിൽ വാർത്താചിത്രീകരണത്തിനിടയിൽ യൂട്യൂബർമാരെയും മാധ്യമപ്രവർത്തകരെയും ആക്രമിച്ചതായി പരാതി. സുവർണ്ണ ന്യൂസ് സംഘമുൾപ്പെടെയുള്ള മാധ്യമപ്രവർത്തകരെ ഒരു സംഘം കയ്യേറ്റം ചെയ്തു. പരിക്കേറ്റ 8 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. വാർത്താചിത്രീകരണത്തിന് ഇടയിലായിരുന്നു മാധ്യമപ്രവർത്തകർക്കു നേരെയുള്ള കയ്യേറ്റം. പരിക്കേറ്റ മാധ്യമപ്രവർത്തകരെ പ്രവേശിപ്പിച്ച ആശുപത്രിക്ക് മുന്നിൽ വച്ചാണ് സുവർണ്ണ ന്യൂസിൻ്റെ റിപ്പോർട്ടർ ഹരീഷിനും ക്യാമറമാൻ നവീനും മർദ്ദനമേറ്റത്. കൊല്ലപ്പെട്ട സൗജന്യയുടെ വീട്ടിലേക്ക് അഭിഭാഷകൻ എത്തിയിരുന്നു. ധർമസ്ഥല റോഡിൽ നിന്ന് സൗജന്യയുടെ പാങ്കളയിലെ വീട്ടിലേക്ക് പോകുന്ന സ്ഥലത്താണ് ആദ്യം ആക്രമണമുണ്ടായത്. അമ്പതോളം വരുന്ന അക്രമികൾ കാമറയും ഉപകരണങ്ങളുമെല്ലാം തല്ലി തകർത്തു. യുണൈറ്റഡ് മീഡിയ യുട്യൂബ് ചാനലിലെ അഭിഷേക്, കുഡ്ല റാം പേജ് യുട്യൂബ് ചാനലിലെ അജയ്, സഞ്ചാരി സ്റ്റുഡിയോ യുട്യൂബ് ചാനലിലെ സന്തോഷ്, അനീഷ് തുടങ്ങിവരാണ് അക്രമത്തിന് ഇരയായത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ മേഖലയിൽ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മൂന്ന് ബറ്റാലിയൻ പൊലീസിനെയാണ് സ്ഥലത്ത് വിന്യസിച്ചത്. പൊലീസ് എത്തി സ്ഥിതിഗതികൾ ശാന്തമാക്കി. സംഭവത്തിൽ . പൊലീസ് അന്വേഷണം ആരംഭിച്ചു, ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
