കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിനിടയില്‍ സംഘര്‍ഷം. തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങുന്ന സമയത്ത് എംഎസ്എഫ്-കെ.എസ്.യു പ്രവര്‍ത്തകരും എസ്.എഫ്.ഐ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ഇത് പിന്നീട് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രവര്‍ത്തകര്‍ പിന്തിരിഞ്ഞു പോകാതെ വന്നതോടെ പൊലീസ് ലാത്തി വീശി. ഇരുപക്ഷത്തേയും പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പൊലീസും എസ്.എഫ്.ഐ പ്രവര്‍ത്തകരും തമ്മിലും വാക്കുതര്‍ക്കവുമുണ്ടായി. കാസര്‍കോട് ചട്ടഞ്ചാല്‍ എം.ഐ.സി കോളേജിലെ എം.എസ്.എഫിന്റെ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ സഫ്വാനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയെന്ന ആരോപണമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. എസ്എഫ്‌ഐ സ്ഥാനാര്‍ഥി യുയുസിയുടെ ബാഗ് തട്ടിപ്പറിച്ചെന്ന് എംഎസ്എഫ് ആരോപിച്ചു. സംഘര്‍ഷത്തെത്തുടര്‍ന്ന് പൊലീസിന്റെ ലാത്തിയടിയേറ്റ് എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡണ്ട് അശ്വന്തിനും ഏരിയാ കമ്മിറ്റിയംഗം വൈഷ്ണവിനും പരിക്കേറ്റു. ഇരുവരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സര്‍വകലാശാല തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ണമായും വീഡിയോയില്‍ ചിത്രീകരിച്ച് സൂക്ഷിക്കണമെന്ന് ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് എം.എസ്.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന നാജിയ റൗഫ് നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി വിധി. ഇതേത്തുടര്‍ന്ന് ഇന്ന് രാവിലെ മുതല്‍ യൂണിവേഴ്സിറ്റി കാമ്പസില്‍ വന്‍ പൊലീസ് സുരക്ഷാസന്നാഹം ഏര്‍പ്പെടുത്തിയിരുന്നു. അതിനിടയിലാണ് എം.എസ്.എഫിന്റെ കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് യു.ഡി.എസ്.എഫ് പ്രവര്‍ത്തകര്‍ ബഹളം വച്ചത്.

സംഘര്‍ഷത്തിന് പിന്നീട് അയവുണ്ടായെങ്കിലും ഇടവേളക്ക് ശേഷം തിരഞ്ഞെടുപ്പ് നടക്കുന്ന ഹാളിന് സമീപം വീണ്ടും സംഘര്‍ഷം അരങ്ങേറി. വോട്ട് ചെയ്യാനെത്തിയ എസ്.എഫ്.ഐക്കാരെ പോലീസ് തടഞ്ഞെന്ന് ആരോപിച്ചായിരുന്നു വീണ്ടും സംഘര്‍ഷം ഉടലെടുത്തത്. ഉച്ചയ്ക്കും സംഘര്‍ഷം തുടരുകയാണ്. എ.സി.പി പ്രദീപന്‍ കണ്ണിപ്പൊയില്‍, ടൗണ്‍ സി.ഐ: ശ്രീജിത്ത് കൊടേരി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തുണ്ട്.