കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട സിപി എം നേതാവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ കെ.മണികണ്ഠനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യനാക്കി. മണികണ്ഠനെ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തുനിന്നും അംഗത്വത്തിൽനിന്നും നീക്കണമെന്നാവശ്യപ്പെട്ടു കോൺഗ്രസ് നേതാവ് അഡ്വ. എം കെ ബാബുരാജാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. സിപിഎം കാസർകോട് ജില്ലാ കമ്മിറ്റി അംഗമാണ് കെ മണികണ്ഠൻ. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നേരത്തെ മണികണ്ഠൻ രാജി വെച്ചിരുന്നു. പെരിയ ഇരട്ട കൊലക്കേസിലെ 14-ാം പ്രതിയായ മണികണ്ഠനെ കോടതി അഞ്ച് വർഷത്തേക്ക് ശിക്ഷിച്ചിരുന്നു. പിന്നീട് ശിക്ഷ ഹൈക്കോടതി റദ്ദാക്കുകയും പ്രതികളായ നേതാക്കൾക്ക് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ബാബുരാജിന്റെ ഹർജി കമ്മിഷൻ അംഗീകരിച്ചതോടെ വരും തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ മണികണ്ഠനു വിലക്കു ണ്ടായേക്കും. ഹർജിക്കാരനുവേണ്ടി പി.സന്തോഷ്കുമാർ ഹാജരായി. 2019 ഫെബ്രുവരി 17-നാണ് കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനെയും ശരത്ത്‌ലാലിനെയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ഏച്ചിലടുക്കം റോഡിൽ കാറിലെത്തിയ സംഘം ഇരുവരെയും തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ബൈക്ക് തടഞ്ഞുനിർത്തിയ അക്രമിസംഘം കൃപേഷിനെയും ശരത്ത് ലാലിനെയും അതിക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചു. കൃപേഷ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മംഗളൂരുവിലെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു ശരത്ത് ലാൽ മരിച്ചത്.
