തിരുവനന്തപുരം: മഴക്കാലത്ത് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ചില റോഡുകളില്‍ ഉണ്ടാകുന്ന കുഴികള്‍ താല്‍കാലികമായെങ്കിലും അടച്ചുവെന്നു മരാമത്തു ജീവനക്കാര്‍ ഉറപ്പുവരുത്തണമെന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. മരാമത്തു റോഡുകളുടെ പരിപാലന അവലോകന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അക്കാര്യത്തില്‍ ഒരു തരത്തിലുള്ള വീഴ്ചയും ഉണ്ടാകാന്‍ പാടില്ല. റോഡുകളില്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ പരിശോധന തുടരണം. പരിശോധനാ റിപ്പോര്‍ട്ട് സെക്രട്ടറി തലം വരെ വിലയിരുത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
മഴ മാറിക്കഴിഞ്ഞാല്‍ നിശ്ചിത ദിവസത്തിനകം സ്ഥിരം സ്വഭാവത്തിലുള്ള അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കണം. വീഴ്ചവരുത്തുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നു മന്ത്രി മുന്നറിയിച്ചു.
പൊതുമരാമത്ത് സെക്രട്ടറി കെ.ബിജു, ചീഫ് എഞ്ചിനീയര്‍മാര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ പങ്കെടുത്തു.
