തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഓണപ്പരീക്ഷ ഓഗസ്റ്റ് 18 മുതല്‍ 29 വരെ നടത്താന്‍ തീരുമാനം. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിദ്യാഭ്യാസ ഗുണമേന്മ സമിതി (ക്യുഐപി) യോഗത്തിന്റേതാണ് തീരുമാനം. ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെ പരീക്ഷയാണ് ഓഗസ്റ്റ് 18 മുതല്‍ 29 നടക്കുക. എല്‍പി സ്‌കൂളുകളില്‍ 20 മുതല്‍ പരീക്ഷ ആരംഭിക്കാനാണ് തീരുമാനം.
പരീക്ഷകളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം, സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും 29 ന് ഓണാഘോഷ പരിപാടികള്‍ നടത്തണം. അവധിക്കായി സ്‌കൂളുകള്‍ അടയ്ക്കുകയും ചെയ്യും. ഗണേശോത്സവത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയില്‍ മാത്രം 27-ന് പരീക്ഷകള്‍ ഉണ്ടായിരിക്കില്ല. കാസര്‍കോട് ജില്ലയില്‍ 27ന് നടക്കേണ്ട പരീക്ഷ 29ന് നടത്തുകയും, പരീക്ഷയ്ക്ക് ശേഷം ഓണാഘോഷം നടത്തുകയും ചെയ്യണം. എല്‍പി-യുപി വിഭാഗത്തില്‍ രാവിലെയുള്ള പരീക്ഷ 10 മുതല്‍ 12.15 വരെയും ഉച്ചയ്ക്ക് ശേഷം നടക്കുന്ന പരീക്ഷ 1.30 മുതല്‍ 3.45 വരെയുമാണ്. അതേസമയം വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമുള്ള പരീക്ഷ 2 മണിക്ക് തുടങ്ങി 4.15 നാണ് അവസാനിക്കുക.
