ഗോണ്ട: കടം കൊടുത്ത തുകയില്‍ നിന്നു 200 രൂപ തിരിച്ചു ചോദിച്ച 22കാരനായ നവവരനെ അടിച്ചുകൊന്നു.
ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയിലെ ഗോണ്ട -ലക്‌നൗ ഹൈവേക്കടുത്താണ് സംഭവമെന്നു പൊലീസ് പറഞ്ഞു. കൊലയാളികള്‍ക്കെതിരെ ശക്തമായ നടപടി ഉടന്‍ ഉണ്ടാവണമെന്നാവശ്യപ്പെട്ടു യുവാവിന്റെ വീട്ടുകാര്‍ മൃതദേഹം ഹൈവേയില്‍വച്ചു പ്രതിഷേധിച്ചു. ക്രമസമാധാനം ഉറപ്പാക്കുന്നതിനു ശക്തമായ പൊലീസ് സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. ലക്ഷ്മണ്‍പൂര്‍ജാട്ട് ഗ്രാമവാസിയും കല്ലുകെട്ടു തൊഴിലാളിയും നവവരനുമായ ഹൃദയ്‌ലാല്‍ (22)ആണ് കൊല്ലപ്പെട്ടത്. സമീപവാസിയായ രാം അനൂജ് എന്നയാള്‍ക്കു ഹൃദയ്‌ലാല്‍ 700രൂപ കടം കൊടുത്തിരുന്നു. ഈ തുകയില്‍ നിന്ന് 200 രൂപ തിരിച്ചു ചോദിച്ചതാണ് കൊലപാതകത്തിനു കാരണമെന്നു പറയുന്നു. ആദ്യം വാക്കു തര്‍ക്കവും തുടര്‍ന്നു വാക്കേറ്റവുമുണ്ടാവുകയും വാക്കേറ്റം അക്രമത്തില്‍ കലാശിക്കുകയുമായിരുന്നു. തുടര്‍ന്നു അനൂജും അയാളുടെ സഹോദരനായ രാംകിഷോര്‍, മകന്‍ ജഗദീശ്, മരുമക്കളായ പങ്കജ്, ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നു മൃഗീയമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. ഹൃദയ്‌ലാലിനെ ലക്‌നൗവിലെ ആശുപത്രിയില്‍ കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്നാണ് കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കള്‍ ജഡം ഹൈവെയില്‍ വച്ചു പ്രതിഷേധിച്ചത്. അക്രമ സ്ഥലത്തു ശക്തമായ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ശക്തമായ പൊലീസ് സാന്നിധ്യത്തില്‍ മൃതദേഹം പിന്നീട് സംസ്‌കരിച്ചു.
