മലപ്പുറം: മുസ്ലിംലീഗ് മയക്കുമരുന്നു കച്ചവടക്കാരുടെയും സാമ്പത്തിക തട്ടിപ്പുകാരുടെയും പാര്‍ട്ടിയാണെന്നു സി.പി.എം. നേതാവ് കെ.ടി. ജലീല്‍ എം.എല്‍.എ. പറഞ്ഞു. ലീഗ് നേതാവ് പി.കെ. ഫിറോസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തില്‍ സൂക്ഷ്മത പുലര്‍ത്തിയ നേതാക്കളുണ്ടായിരുന്ന പാര്‍ട്ടി ഇന്ന് മയക്കുമരുന്ന് കച്ചവടക്കാരുടേയും സാമ്പത്തിക തട്ടിപ്പുകാരുടേയും വിഹാര കേന്ദ്രമായെന്നു കെ.ടി. ജലീല്‍ ആരോപിച്ചു.
പി.കെ. ഫിറോസിന്റെ സഹോദരന്‍ എത്രയോ നാളായി രാസലഹരി ഉപയോഗിക്കുന്നു. ഇതറിയാമായിരുന്നിട്ടും എന്തുകൊണ്ട് ഫിറോസ് പോലീസിലോ എക്‌സൈസിലോ പരാതിപ്പെട്ടില്ല നൂറ് കണക്കിന് ചെറുപ്പക്കാരെ വഴിതെറ്റിച്ച സഹോദരനെ എന്തുകൊണ്ട് ഫിറോസ് നിയന്ത്രിച്ചില്ല? അദ്ദേഹം അത് ചൂണ്ടിക്കാട്ടി കൊടുക്കുകയല്ലേ വേണ്ടിയിരുന്നത്. മുസ്ലിം ലീഗ് നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിന് നല്ല പ്രചാരം കിട്ടി. ആ കാമ്പയിന്‍ തീരുമാനിക്കും മുന്‍പെങ്കിലും എന്തുകൊണ്ട് ഫിറോസ് അത് പുറംലോകത്തെ അറിയിച്ചില്ലെന്നു ജലീല്‍ ചോദിച്ചു.
അറിഞ്ഞുകൊണ്ട് ഒരു വസ്തുത മറച്ചുവെച്ചത് തെറ്റ്. ഇക്കാര്യത്തില്‍ അദ്ദേഹത്തിനെതിരെ കേസ് എടുക്കാമല്ലോ, കെ.ടി. ജലീല്‍ പറഞ്ഞു.
മതവും ദീനും ഉദ്ധരിച്ച് പ്രസംഗിക്കുന്നയാള്‍ മയക്കുമരുന്നിന് അഡിക്ടായ ഒരാള്‍ വീട്ടില്‍ ഉണ്ടായിട്ട് എന്തുകൊണ്ട് അത് സമൂഹത്തെ അറിയിച്ചില്ല എന്നതിന് ഫിറോസും പാര്‍ട്ടിയും മറുപടി പറയണമെന്നും പി.കെ ഫിറോസിന് ഈ ലഹരി ഇടപാടില്‍ പങ്കുണ്ട് എന്നുപറഞ്ഞാല്‍ തെറ്റ് പറയാനാവുമോ എന്നും കെ.ടി. ജലീല്‍ ആരാഞ്ഞു.
