ന്യൂഡല്‍ഹി: പ്രഭാത നടത്തത്തിനിടെ തന്റെ മാല തട്ടിയെടുത്തതായി ആരോപിച്ച് കോണ്‍ഗ്രസ് എംപി സുധ രാമകൃഷ്ണന്‍ പൊലീസില്‍ പരാതി നല്‍കി. തമിഴ്നാട്ടിലെ മയിലാടുതുറൈയിലെ പാര്‍ലമെന്റ് അംഗമാണ് സുധാ രാമകൃഷ്ണന്‍. സഹ നിയമസഭാംഗവും ഡിഎംകെയുടെ രാജാത്തിക്കൊപ്പം രാവിലെ ആറുമണിയോടെ ചാണക്യപുരിയിലെ പോളിഷ് എംബസിക്ക് സമീപം നടക്കുമ്പോഴാണ് സംഭവം. സ്‌കൂട്ടറില്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയ സംഘമാണ് മാലകവര്‍ന്നതെന്നാണ് പരാതി. മാലപിടിച്ചു പൊട്ടിക്കുന്നതിനിടെ കഴുത്തിന് പരിക്കേറ്റെന്നും ചൂരിദാര്‍കീറിപ്പോയെന്നും അവര്‍ പറഞ്ഞു. അപ്പോള്‍ അതുവഴി വന്ന ഡല്‍ഹി പൊലീസിന്റെ ഒരു മൊബൈല്‍ പട്രോളിംഗ് വാഹനം തടഞ്ഞു നിര്‍ത്തി അവരോട് പരാതിപ്പെട്ടതായും എംപി പറഞ്ഞു. ഡല്‍ഹിയിലെ ക്രമസമാധാന ചുമതലയുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും അവര്‍ കത്തയച്ചിട്ടുണ്ട്. ചാണക്യപുരി പോലുള്ള ഉയര്‍ന്ന സുരക്ഷാ മേഖലയില്‍ പാര്‍ലമെന്റ് അംഗമായ ഒരു സ്ത്രീക്ക് നേരെ നടന്ന ഈ നഗ്‌നമായ ആക്രമണം വളരെ ഞെട്ടിപ്പിക്കുന്നതാണെന്ന് അവര്‍ കത്തില്‍ പറഞ്ഞു. ‘സാധാരണ വേഗതയില്‍ എതിര്‍ദിശയില്‍ നിന്ന് വന്നതുകൊണ്ട് ഇയാള്‍ ഒരു മാല പൊട്ടിക്കാനായി വരുന്നതാണെന്ന് സംശയിച്ചില്ല. കഴുത്തില്‍ നിന്ന് മാല വലിച്ചെടുത്തപ്പോള്‍ പരിക്കേല്‍ക്കുകയും ചുരിദാര്‍ കീറുകയും ചെയ്തു. താഴെ വീഴാതെ കഷ്ടിച്ചാണ് പിടിച്ചുനിന്നത്. ഞങ്ങള്‍ രണ്ടുപേരും സഹായത്തിനായി നിലവിളിച്ചു’ സുധാ രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനില്‍ പങ്കെടുക്കുന്ന ലോക്‌സഭാ എംപി പറഞ്ഞു. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നിനായി എത്തിയതായിരുന്നു എംപി.
