ആലപ്പുഴ: ചേര്‍ത്തല ദുരൂഹമരണങ്ങളിലും തിരോധാനക്കേസുകളുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യന്റെ വീട്ടില്‍ പരിശോധന പുരോഗമിക്കുന്നു. ഇന്ന് നടന്ന തിരച്ചലില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി. 20 അസ്ഥികഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കത്തിക്കരിഞ്ഞ നിലയിലാണ് അസ്ഥിക്കഷണങ്ങള്‍ കണ്ടെത്തിയത്. ഇവ ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അതിനായി ഡിഎന്‍എ പരിശോധന വേണ്ടിവരും. കാണാതായ രണ്ടുപേരുടെ ബന്ധുക്കളുടെ ഡി.എന്‍.എ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഞായറാഴ്ച കണ്ടെത്തിയ അതേ സ്ഥലത്ത് തന്നെയാണ് ഇന്നും തിരച്ചില്‍ നടത്തിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം ചോദ്യം ചെയ്യലില്‍ സെബാസ്റ്റ്യന്‍ സഹകരിക്കുന്നില്ലെന്നും ഒന്നും സംരാരിക്കുന്നില്ലെന്നും അന്വേഷണ സംഘം പറഞ്ഞു. ഒരുമണിക്കൂര്‍ നേരം ചോദ്യം ചെയ്തശേഷമാണ് വീട്ടിലെ തിരച്ചില്‍ ആരംഭിച്ചത്. ഇനി വീട്ടുവളപ്പിലെ രണ്ട് കുളവും വറ്റിച്ചു നോക്കും. മണ്ണുമാന്തി യന്ത്രമെത്തിച്ച് പരിശോധന തുടങ്ങിയിട്ടുണ്ട്. പുതിയതായി ഗ്രാനൈറ്റ് പാകിയ മുറിയുടെ തറ തുറന്ന് പരിശോധിക്കും. ഇതിനായി ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാര്‍ എത്തിക്കും. ഭൂമിക്കടിയിലെ അസ്ഥി സാന്നിധ്യം യന്ത്ര സഹായത്തോടെ കണ്ടെത്താനാണ് നീക്കം. രണ്ടര ഏക്കര്‍ പുരയിടത്തില്‍ വ്യാപക പരിശോധന നടത്തും. കൂടുതല്‍ ശരീരാവശിഷ്ടങ്ങള്‍ വീട്ടില്‍ നിന്ന് കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
ചേര്‍ത്തലയില്‍ കാണാതായ സ്ത്രീകളെ സെബാസ്റ്റ്യന്‍ അപായപ്പെടുത്തിയോ എന്നതാണ് സംശയം. കൂടുതല്‍ മൃതദേഹ അവശിഷ്ടങ്ങളോ, കേസില്‍ നിര്‍ണായകമായേക്കാവുന്ന തെളിവുകളോ ഇവിടെ നിന്ന് ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കു കൂട്ടല്‍. പള്ളിപ്പുറത്തെ വീടും പരിസരവും കേന്ദ്രീകരിച്ച് നടക്കുന്ന പരിശോധന കേസില്‍ ഏറെ നിര്‍ണയാകമാണ്.
