തിരുവനന്തപുരം: വന്ദേ ഭാരത് എക്‌സ്പ്രസ്സില്‍ യാത്ര ചെയ്യുന്നവര്‍ക്കായി ഇന്ത്യന്‍ റെയില്‍വേ ഒരു പുതിയ സൗകര്യം ഒരുക്കി. ട്രെയിന്‍ പുറപ്പെടുന്നതിന് 15 മിനിറ്റ് മുമ്പ് യാത്രക്കാര്‍ക്ക് തത്സമയം ടിക്കറ്റ് ബുക്ക് ചെയ്യാം. ഇതുവരെ യാത്ര പുറപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിച്ചിരുന്നുള്ളൂ. എന്നാല്‍ ഈ പുതിയ മാറ്റം പെട്ടെന്നുള്ള യാത്രകള്‍ ആസൂത്രണം ചെയ്യുന്ന ആളുകള്‍ക്ക് ഏറെ പ്രയോജനകരമാകും. ഈ സൗകര്യം രാജ്യത്തെ എട്ട് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളില്‍ ലഭ്യമാകും. മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍, തിരുവനന്തപുരം സെന്‍ട്രല്‍-മംഗളൂരു സെന്‍ട്രല്‍ വന്ദേ ഭാരത് ട്രെയിനുകള്‍ക്കും ഈ സൗകര്യം ലഭ്യമാണ്. പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ള ഈ പുതിയ നയം യാത്രക്കാര്‍ക്ക് അവസാന നിമിഷം ടിക്കറ്റ് ലഭ്യതയെക്കുറിച്ച് വേവലാതിപ്പെടാതെ എളുപ്പത്തില്‍ യാത്ര ചെയ്യാനുള്ള അവസരം നല്‍കുന്നു. സാധാരണ ബുക്കിംഗ് സമയം അവസാനിച്ച ശേഷം, ലഭ്യമായ ഒഴിവുള്ള സീറ്റുകള്‍ കറന്റ് ബുക്കിംഗിലൂടെ യാത്ര പുറപ്പെടുന്നതിന് 15 മിനിറ്റ് മുന്‍പ് വരെ ബുക്ക് ചെയ്യാന്‍ സാധിക്കും.
മറ്റു 6 വന്ദേ ഭാരത് ട്രെയിനുകള്‍
20627 ചെന്നൈ എഗ്മോര്‍-നാഗര്‍കോവില്‍ വന്ദേ ഭാരത് എക്‌സ്പ്രസ്
20628 നാഗര്‍കോവില്‍-ചെന്നൈ എഗ്മോര്‍ വന്ദേ ഭാരത് എക്‌സ്പ്രസ്
20642 കോയമ്പത്തൂര്‍-ബെംഗളൂരു കാന്ത്. വന്ദേ ഭാരത് എക്‌സ്പ്രസ്
20646 മംഗളൂരു സെന്‍ട്രല്‍ – മഡ്ഗാവ് വന്ദേ ഭാരത് എക്‌സ്പ്രസ്
20671 മധുര-ബെംഗളൂരു കാന്ത്. വന്ദേ ഭാരത് എക്‌സ്പ്രസ്
20677 ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍വിജയവാഡ വന്ദേ ഭാരത് എക്‌സ്പ്രസ്