ന്യുയോര്‍ക്ക്: ന്യുയോര്‍ക്കില്‍ നിന്നു പടിഞ്ഞാറന്‍ വിര്‍ജീനിയയിലെ ആധ്യാത്മിക ധ്യാന കേന്ദ്രത്തിലേക്കു പോകുന്നതിനിടയില്‍ കാണാതായ നാലു മുതിര്‍ന്ന ഇന്ത്യക്കാരെ വാഹനാപകടത്തില്‍ മരിച്ച നിലയില്‍ പൊലീസ് കണ്ടെത്തി.
ഇന്ത്യക്കാരായ ആശദിവാന്‍ (85), കിഷോര്‍ ദിവാന്‍(89), ശൈലേഷ് ദിവാന്‍(86), ഗീത ദിവാന്‍ (84) എന്നിവരെയാണ് ദിവസങ്ങളോളം നീണ്ടുനിന്ന ആശങ്കക്കൊടുവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ന്യുയോര്‍ക്കില്‍ നിന്നു ടൊയോട്ട കാറില്‍ യാത്ര ചെയ്ത ഇവര്‍ ബര്‍ഗര്‍കിംഗ് വഴി പോകുന്നതു നിരീക്ഷണ ക്യാമറയില്‍ കണ്ടെത്തിയിരുന്നു. അവിടെ ഒരു ഹോട്ടലില്‍ രണ്ടുപേര്‍ കയറുന്നതും പണം കൊടുത്തു മടങ്ങുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കണ്ടിരുന്നു. അതിനു ശേഷം ഇവരെക്കുറിച്ചു വിവരമൊന്നും അറിയാതിരുന്നതിനെത്തുടര്‍ന്നാണ് ന്യുയോര്‍ക്ക് -വെസ്റ്റ് വെര്‍ജിനിയ പൊലീസുകാരും ഓഹിയോ അധികൃതരും അന്വേഷണമാരംഭിച്ചത്. ഞായറാഴ്ച ഹെലികോപ്ടര്‍ പരിശോധന തുടങ്ങാനിരിക്കെയാണ് വാഹനാപകടത്തില്‍ മരിച്ച നിലയില്‍ ഇവരെ കണ്ടെത്തിയത്.
