പി പി ചെറിയാന്‍
വാഷിംഗ്ടണ്‍ ഡി സി: മുന്‍ റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്വദേവിന്റെ ഭീഷണിക്ക് മറുപടിയായി റഷ്യയ്ക്ക് സമീപം രണ്ട് ആണവ അന്തര്‍വാഹിനികള്‍ സ്ഥാപിക്കാന്‍ ഉത്തരവിട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെളിപ്പെടുത്തി. മെദ്വദേവിന്റെ പ്രസ്താവനകള്‍ മണ്ടത്തരവും പ്രകോപനപരവുമാണെന്ന് ട്രംപ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു.
‘ഈ മണ്ടത്തരവും പ്രകോപനപരവുമായ പ്രസ്താവനകളും അതിര് കടന്നാല്‍, ഉചിതമായ പ്രദേശങ്ങളില്‍ രണ്ട് ആണവ അന്തര്‍വാഹിനികള്‍ സ്ഥാപിക്കാന്‍ ഞാന്‍ ഉത്തരവിട്ടിട്ടുണ്ട്,’ ട്രംപ് ഭീഷണി മുഴക്കി. വാക്കുകള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്നും അപ്രതീക്ഷിത പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാമെന്നും അദ്ദേഹം മുന്നറിയിച്ചു.
റഷ്യ യുക്രെയ്‌നില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ 10 ദിവസത്തെ സമയപരിധി ട്രംപ് ചൊവ്വാഴ്ച നിര്‍ദ്ദേശിച്ചതിനു പിന്നാലെയാണ് ഇരു നേതാക്കളും തമ്മിലുള്ള വാക്‌പോര് രൂക്ഷമായത്. ട്രംപിന്റെ സമയപരിധി പാലിക്കുന്നതില്‍ റഷ്യ ഇതുവരെ യാതൊരു സൂചനയും നല്‍കിയിട്ടില്ല. ‘അന്തിമ നിര്‍ദ്ദേശങ്ങളുടെ കളി’യിലാണ് ട്രംപ് ഏര്‍പ്പെട്ടിരിക്കുന്നതെന്ന് മെദ്വദേവ് തിങ്കളാഴ്ച അപലപിച്ചിരുന്നു. ഇതിന് മറുപടിയായി ‘തന്റെ വാക്കുകള്‍ ശ്രദ്ധിക്കാന്‍’ ട്രംപ് മെദ്വദേവിനോട് ആവശ്യപ്പെറ്റു. അവസാന ആശ്രയമായി റഷ്യക്ക് സോവിയറ്റ് കാലഘട്ടത്തിലെ ആണവാക്രമണ ശേഷിയുണ്ടെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു.