ന്യൂഡല്‍ഹി: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡിലെ ജയിലിയായ മലയാളി കന്യാസ്ത്രീകള്‍ക്ക് ബിലാസ്പൂര്‍ എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിലായി ഒമ്പത് ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്.അറസ്റ്റിന് പിന്നാലെ ദുര്‍ഗ് ജയിലില്‍കഴിയുകയായിരുന്നു ഇവര്‍.
ഉപാധികളോടെയാണ് ജാമ്യം. 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യം, രാജ്യം വിട്ടുപോകരുത്, പാസ്‌പോര്‍ട്ട് കെട്ടിവക്കണം തുടങ്ങിയവയാണ് ഉപാധികള്‍. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് സിറാജുദ്ദീന്‍ ഖുറേഷിയാണ് വിധി പറഞ്ഞത്. ഇന്ന് തന്നെ കന്യാസ്ത്രീകള്‍ ജയില്‍ മോചിതരാകും. ഛത്തീസ്ഗഢ് മുന്‍ അഡിഷണല്‍ അഡ്വ. ജനറല്‍ അമൃതോ ദാസ് ആണ് കന്യാസ്ത്രീകള്‍ക്കായി കോടതിയില്‍ ഹാജരായത്. ഛത്തീസ്ഗഢിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് കന്യാസ്ത്രീകളായ സി. പ്രീതി മേരി, സി. വന്ദന ഫ്രാന്‍സിസ് എന്നിവര്‍ കഴിഞ്ഞ ഞായറാഴ്ച അറസ്റ്റിലായത്. കണ്ണൂര്‍ ഉദയഗിരി ഇടവകാംഗമാണ് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകാംഗമാണ് സിസ്റ്റര്‍ പ്രീതി മേരി. വിധിയില്‍ സന്തോഷമെന്ന് സിസ്റ്റര്‍ വന്ദനയുടെ സഹോദരന്‍ ചെറിയാന്‍ പ്രതികരിച്ചു. എല്ലാവര്‍ക്കും നന്ദി പറയുന്നു. എല്ലാ രാഷ്ട്രീയക്കാരും ഇടപെട്ടു. അവസാന നിമിഷം വരെ ആശങ്കയുണ്ടായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
