കാസര്‍കോട്: കൊല്ലം, കല്ലുവാതുക്കലില്‍ ഭര്‍ത്താവിന്റെ കുത്തേറ്റു മരിച്ച യുവതിയുടെ മൃതദേഹം ബന്തടുക്കയിലെ വീട്ടില്‍ എത്തിച്ചു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം രതി എന്ന രേവതി(39)യുടെ മൃതദേഹം ശനിയാഴ്ച രാവിലെയാണ് ബന്തടുക്ക ടൗണിനു സമീപത്തെ വീട്ടിലെത്തിച്ചത്. മൃതദേഹം ആംബുലന്‍സില്‍ നിന്നു പുറത്തിറക്കിയപ്പോള്‍ വീട്ടില്‍ കൂട്ട നിലവിളി ഉയര്‍ന്നു. മൃതദേഹത്തോടൊപ്പം രതിയുടെ മക്കളായ ജെ ബിജിന്‍, ആര്‍ എജിന്‍ എന്നിവരുമുണ്ടായിരുന്നു.
വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് രതി കല്ലുവാതുക്കല്‍, താന്നിമുക്കിനു സമീപത്തെ ഷാനവാസ് മന്‍സിലില്‍ കൊല്ലപ്പെട്ടത്. ഗൃഹനാഥനെ ശുശ്രൂഷിക്കുന്നതിനാണ് രതി പ്രസ്തുത വീട്ടില്‍ കഴിഞ്ഞിരുന്നത്. രാത്രി 11 മണിയോടെ ബൈക്കില്‍ സ്ഥലത്തെത്തിയ ഭര്‍ത്താവ് ജിനു മതില്‍ ചാടി കടന്നാണ് വീട്ടില്‍കയറി ഭാര്യയെ കുത്തിയത്. നിലവിളി കേട്ടെത്തിയ പരിസരവാസികള്‍ രതിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തിനു ശേഷം സ്ഥലത്തു നിന്നു രക്ഷപ്പെട്ട ജിനുവിനെ ശൂരനാട് വച്ച് പൊലീസ് പിടികൂടി. ഇയാളെ കോടതി റിമാന്റ് ചെയ്തു.
ഫോണ്‍ വഴിയാണ് ജിനുവും രതിയും പരിചയപ്പെട്ടത്. 2011 മുതല്‍ ഇരുവരും ഒന്നിച്ച് താമസിച്ചു വരികയായിരുന്നു. ഒരു മാസം മുമ്പാണ് രതി ഏറ്റവുമൊടുവില്‍ ബന്തടുക്കയിലെ വീട്ടില്‍ എത്തി കൊല്ലത്തേക്ക് മടങ്ങിയത്. കുറച്ചു കാലമായി രതിയും ജിനുവും പിണക്കത്തിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ഇതായിരിക്കാം കൊലപാതകത്തിനു ഇടയാക്കിയതെന്നാണ് പൊലീസിന്റെ സംശയം.
