മൈസൂരു: മൈസൂരുവിലെ രാസമയക്കുമരുന്ന് നിര്‍മ്മാണ കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. 389.96 കോടി രൂപ വിലമതിക്കുന്ന 187 കിലോ എം ഡി എം എയുമായി മൂന്നു പേര്‍ അറസ്റ്റില്‍. മുംബൈ, അന്ധേരിയിലെ ഫിറോസ് മൗലാനഷേഖ്, ഗുജറാത്ത്, സൂറത്തിലെ ഷേഖ് അന്‍വര്‍, സയ്യദ് അലി എന്നിവരെയാണ് മഹാരാഷ്ട്ര പൊലീസ് അറസ്റ്റു ചെയ്തത്. ഇംതിയാസ് ഷേഖ് എന്നയാളെ അടുത്തിടെ മഹാരാഷ്ട്ര ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തിരുന്നു. ഇയാളില്‍ നിന്നാണ് മൈസൂരുവില്‍ രാസമയക്കുമരുന്നു നിര്‍മ്മാണ കേന്ദ്രം പ്രവര്‍ത്തിക്കുന്നതായുള്ള വിവരം പൊലീസിനു ലഭിച്ചത്. തുടര്‍ന്നാണ് മഹാരാഷ്ട്ര പൊലീസ് സംഘം മൈസൂരുവിലെത്തിയത്. വാടകയ്ക്ക് എടുത്ത കെട്ടിടത്തിലാണ് മയക്കുമരുന്ന് നിര്‍മ്മാണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ഒരിടത്തു ചുരുങ്ങിയ സമയം മാത്രം മയക്കുമരുന്നു നിര്‍മ്മാണ കേന്ദ്രം പ്രവര്‍ത്തിക്കുന്നതാണ് സംഘത്തിന്റെ രീതി. ഇത്തരത്തില്‍ കേരളത്തിലെ പാലക്കാട്ടും മഹാരാഷ്ട്രയിലെ നാസികിലും സംഘം മയക്കുമരുന്നുനിര്‍മ്മാണം നടത്തിയിട്ടുള്ളതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
