കാസര്‍കോട്: കൊല്ലം, പനയംതാന്നിക്ക മുക്കില്‍ ജോലിക്കു നിന്ന വീട്ടില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ് മരിച്ചത് ബന്തടുക്ക സ്വദേശിനി. ബന്തടുക്ക ടൗണിനു സമീപത്തെ കാവേരിയുടെ മകള്‍ രതി(36)യാണ് അതി ദാരുണമായി കൊല്ലപ്പെട്ടത്. വിവരമറിഞ്ഞ് രതിയുടെ പിതൃസഹോദരനും ബന്ധുക്കളും കൊല്ലത്തേയ്ക്കു യാത്ര തിരിച്ചു.
വ്യാഴാഴ്ച രാത്രി ഒന്‍പതരയോടെയാണ് കൊലപാതകം. അഞ്ചുമാസമായി താന്നിമുക്കിലുള്ള ഷാനവാസ് മന്‍സിലില്‍ ജോലി ചെയ്തുവരികയായിരുന്നു രതി. രാത്രി ഒന്‍പതര മണിയോടെ പ്രസ്തുത വീടിന്റെ മതില്‍ ചാടി കടന്ന് എത്തിയ ഭര്‍ത്താവ് കല്ലുവാതുക്കല്‍ സ്വദേശി ജിനു, ഭാര്യയെ ആക്രമിക്കുകയായിരുന്നു. ബഹളംകേട്ട് വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് രതിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
17വര്‍ഷം മുമ്പാണ് രതിയും ജിനുവും തമ്മിലുള്ള വിവാഹം നടന്നത്. ഈ ബന്ധത്തില്‍ രണ്ടുകുട്ടികളുണ്ട്. ഭരണിക്കാവിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ജിനു. ജിനുവും രതിയും പിണങ്ങി കഴിയുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കസ്റ്റഡിയിലായ ജിനുവിനെ ചോദ്യം ചെയ്തുവരുന്നു.
