കണ്ണൂര്‍: സ്ത്രീകള്‍ക്കു നേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച വയോധികനെ പൊലീസ് പൊക്കി. കക്കാട്, സ്പിന്നിംഗ് മില്ലിനു സമീപത്തെ നെല്ലിവളപ്പില്‍ ഹൗസില്‍ സി കെ സുരേഷി (60)നെയാണ് ടൗണ്‍ എസ് ഐ കെ അനുരൂപും സംഘവും പിടികൂടിയത്.
ബുധനാഴ്ച വൈകുന്നേരം കണ്ണൂര്‍ പ്രസ് ക്ലബ്ബിനു സമീപത്താണ് കേസിനാസ്പദമായ സംഭവം. റോഡില്‍ കൂടി നടന്നു പോവുകയായിരുന്ന സ്ത്രീകളെ നോക്കി അശ്ലീല ആംഗ്യവും ലൈംഗിക ചേഷ്ടകളും കാണിക്കുകയായിരുന്നു ഇയാളെന്നു പൊലീസ് പറഞ്ഞു. ഈ സമയത്താണ് പട്രോളിംഗിനിടയില്‍ എസ് ഐയും സംഘവും സ്ഥലത്ത് എത്തിയത്. പൊലീസിനെ കണ്ടിട്ടും ചേഷ്ടകള്‍ തുടരുകയായിരുന്നുവത്രെ. തുടര്‍ന്നാണ് കസ്റ്റഡിയില്‍ എടുത്തതെന്നു പൊലീസ് കൂട്ടിച്ചേര്‍ത്തു.
