കാസര്‍കോട്: കോളേജിലേക്ക് പോകുന്നതിനിടയില്‍ വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിച്ചുവെന്ന പരാതിയില്‍ കുമ്പള പൊലീസ് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. കര്‍ണ്ണാടക, സകലേഷ്പുര സ്വദേശിയും രണ്ടുവര്‍ഷമായി ആരിക്കാടി കടവത്തെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ശുഹൈബി(25)നെതിരെയാണ് കേസെടുത്തത്. സമാനമായ മറ്റൊരു പരാതിയില്‍ അറസ്റ്റിലായ ഷുഹൈബ് റിമാന്റിലാണ്. ഇതിനിടയിലാണ് ജൂണ്‍ അഞ്ചിന് കുമ്പള റെയില്‍വെ സ്റ്റേഷന്‍ റോഡില്‍വച്ച് തന്നെ കയറി പിടിച്ചുവെന്ന പരാതിയുമായി കോളേജ് വിദ്യാര്‍ത്ഥിനി കുമ്പള പൊലീസില്‍ പരാതി നല്‍കിയത്. മാനഹാനി ഭയന്ന് അന്ന് പെണ്‍കുട്ടി പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ ജൂലായ് 24ന് കുമ്പള റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ വച്ച് മറ്റൊരു പെണ്‍കുട്ടി സമാന രീതിയില്‍ പീഡനത്തിനു ഇരയായി. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നതിനിടയില്‍ ഞായറാഴ്ച രാത്രി കുമ്പള ടൗണില്‍വച്ച് ശുഹൈബ് നാട്ടുകാരുടെ പിടിയിലായി. കുമ്പള റെയില്‍വെ സ്റ്റേഷന്‍ പരിസരത്തെ സി സി ടി വി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പെണ്‍കുട്ടിയെ കയറിപ്പിടിച്ചത് ശുഹൈബ് ആണെന്നു വ്യക്തമാക്കിയത്. പെണ്‍കുട്ടിയെ സ്ഥലത്ത് എത്തിച്ച് അതിക്രമം നടത്തിയത് ശുഹൈബ് ആണെന്നു ഉറപ്പാക്കിയ ശേഷമാണ് പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇതു സംബന്ധിച്ച് വാര്‍ത്തകളും ചിത്രങ്ങളും പുറത്തുവന്നതോടെയാണ് തന്നെ കയറിപ്പിടിച്ചത് ശുഹൈബ് ആണെന്നു പെണ്‍കുട്ടി തിരിച്ചറിഞ്ഞതും പൊലീസില്‍ പരാതി നല്‍കിയതും കേസെടുത്തതും.
ശുഹൈബിന്റെ പൂര്‍വ്വകാലത്തെ കുറിച്ച് കൂടുതല്‍ അറിയാനും ആരിക്കാടിയില്‍ താമസം ആരംഭിച്ചതിന്റെ പശ്ചാത്തലത്തെ കുറിച്ച് അറിയാനും സകലേഷ്പുരത്തേയ്ക്ക് പോകാനാണ് പൊലീസിന്റെ തീരുമാനം.
