കാസര്‍കോട്: നായന്മാര്‍മൂല, പാണലം സ്വദേശിയായ പ്രവാസി യുവാവിന്റെ ദുരൂഹമരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി, ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. മരണപ്പെട്ട അബ്ദുല്‍ മജീദിന്റെ ഭാര്യ നസീമയും മകന്‍ ഖിളര്‍ഷയും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. 2023 നവംബര്‍ 1ന് രാവിലെ 11 മണിയോടെയാണ് അബ്ദുല്‍ മജീദിനെ ചന്ദ്രഗിരിപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലേനാള്‍ സുഹൃത്താണ് അബ്ദുല്‍ മജീദിനെ ചന്ദ്രഗിരിപ്പുഴക്ക് സമീപത്തെ റിസോര്‍ട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയതെന്ന് ഭാര്യ പരാതിയില്‍ പറഞ്ഞിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ അബ്ദുല്‍ മജീദ് മദ്യപിച്ചതായോ, പുഴവെള്ളം വയറ്റിലോ, ശ്വാസ കോശത്തിലോ കയറിയിരുന്നതായി പറഞ്ഞിരുന്നില്ല. ഇതാണ് മരണത്തില്‍ സംശയം ഉയരാന്‍ ഇടയാക്കിയത്. എന്നാല്‍ മൃതദേഹത്തിന്റെ കഴുത്തിന്റെ പിന്‍ഭാഗത്ത് രക്തം കട്ടപിടിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇത് സംശയത്തിന് ഇടയാക്കി. വെള്ളത്തെ അമിതമായി ഭയക്കുന്ന മാനസികാവസ്ഥയായ ‘അക്വാഫോബിയ’ അബ്ദുല്‍ മജീദിന് ഉണ്ടായിരുന്നുവെന്നും അതിനാല്‍ ഭര്‍ത്താവ് ഒരിക്കലും ബോട്ടില്‍ കയറില്ലെന്നും ഭാര്യ കോടതിയില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. വിശദമായ വാദപ്രതിവാദത്തിനു ശേഷമാണ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവായത്.
