കാസര്‍കോട്: നായന്മാര്‍മൂല ബാഫഖി നഗര്‍ പടിഞ്ഞാറേ മൂലയില്‍ ഹൈദ്രോസ് ജുമാ മസ്ജിദ് തെരുവത്ത് പള്ളിയുടെ ഉടമസ്ഥതയിലുള്ള രണ്ടുനില ക്വാര്‍ട്ടേഴ്‌സില്‍ തീപിടിത്തം. ഏണിക്കൂടിന്റെ അടിയില്‍ ഉണ്ടായിരുന്ന ഉപയോഗശൂന്യമായ സ്‌പെയര്‍ പാര്‍ട്‌സുകള്‍, പേപ്പറുകള്‍ മറ്റ് വേസ്റ്റ് വസ്തുക്കള്‍ എന്നിവ പൂര്‍ണമായും കത്തി നശിച്ചു. കനത്ത ചൂടിന്റെ ആഘാതത്തില്‍ ചുമരും തറയും വിണ്ടുകീറി. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. തീയും പുകയും കണ്ട സമീപവാസികള്‍ കാസര്‍കോട് അഗ്‌നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. സീനിയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ വി.എന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ സേന എത്തി തീകെടുത്തി. ഇലക്ട്രിക് മീറ്റര്‍ ബോര്‍ഡ് സ്ഥാപിച്ചിരുന്ന സ്ഥലത്ത് നിന്നും ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടിച്ചതാണെന്ന് സംശയിക്കുന്നു. ക്വാര്‍ട്ടേഴ്‌സില്‍ രണ്ടു വര്‍ഷക്കാലമായി യുഎല്‍സിസി കമ്പനിയുടെ 30 ഓളം ജീവനക്കാര്‍ താമസിച്ചു വരികയായിരുന്നു. തീപിടിത്ത സ്ഥലത്ത് ജീവനക്കാര്‍ ആരുംതന്നെ ഉണ്ടായിരുന്നില്ല. എസ് അരുണ്‍ കുമാര്‍, ഒകെ പ്രജിത്ത്, എസ് അഭിലാഷ്, പിസി മുഹമ്മദ് സിറാജുദ്ദീന്‍, ടിഎസ് എല്‍ബി ഹോം ഗാര്‍ഡ് എന്‍.പി രാഗേഷ് എന്നിവര്‍ ദൗത്യത്തില്‍ പങ്കെടുത്തു.
