കാസര്‍കോട്: പ്രവാസി യുവാവിനെ തട്ടിക്കൊണ്ടു പോയി തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മുഖ്യ പ്രതിയെ ക്രൈംബ്രാഞ്ച് എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍ ചോദ്യം ചെയ്തു. മഞ്ചേശ്വരം, അച്ചക്കര സ്വദേശിയായ അഷര്‍ അലി (27)യെ ആണ് ക്രൈംബ്രാഞ്ചിന്റെ കാസര്‍കോട് ഓഫീസില്‍ വച്ച് വിശദമായി ചോദ്യം ചെയ്തത്. നാട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ തിങ്കളാഴ്ച വൈകുന്നേരം കണ്ണൂര്‍ വിമാനത്താവളത്തില്‍ വച്ചാണ് അഷര്‍ അലി ഡിവൈ.എസ്.പി പി. മധുസൂദനന്‍ നായരുടെയും സംഘത്തിന്റെയും പിടിയിലായത്.
2022 ജൂണ്‍ 26ന് ആണ് കുമ്പള സീതാംഗോളി മുഗു റോഡിലെ പ്രവാസിയായ അബൂബക്കര്‍ സിദ്ദിഖിനെ തട്ടിക്കൊണ്ടു പോയി പൈവളിഗെയിലെ ആളൊഴിഞ്ഞ വീട്ടില്‍ വച്ച് തല്ലിക്കൊന്നത്. കേസില്‍ നേരിട്ട് ബന്ധം ഉള്ള അഷര്‍ അലി കൊലപാതകം നടന്ന ദിവസം തന്നെ ഗള്‍ഫിലേക്ക് രക്ഷപ്പെടുകയായിരുന്നു. ക്രൈംബ്രാഞ്ചിന്റെ നിരന്തര സമ്മര്‍ദ്ദത്തിനെ തുടര്‍ന്നാണ് ദുബായ്, ദേരയില്‍ ഒളിവില്‍ കഴിയുകയായിരുന്ന അഷര്‍ അലി നാട്ടിലേക്ക് തിരിച്ചത്. ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
കൊലക്കേസു കൂടാതെ അബൂബക്കര്‍ സിദ്ദിഖിന്റെ സഹോദരനെയും സുഹൃത്തിനെയും വധിക്കാന്‍ ശ്രമിച്ചതിനും അഷര്‍ അലിക്കെതിരെ കേസുള്ളതായി ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു. ക്രൈംബ്രാഞ്ച് സംഘത്തില്‍ എസ്.ഐമാരായ രവീന്ദ്രനാഥ്, മോഹനന്‍, എ.എസ്.പി പ്രമോദ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഗോപന്‍, ഡ്രൈവര്‍ റൗഫ് എന്നിവരും ഉണ്ടായിരുന്നു.
