കാസര്‍കോട്: പ്രവാസി യുവാവിനെ തട്ടികൊണ്ടുപോയി തലകീഴായി കെട്ടിതൂക്കി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറില്‍ കയറ്റികൊണ്ടുപോയി സ്വകാര്യ ആശുപത്രിയില്‍ ഉപേക്ഷിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. നാടിനെ നടുക്കിയ കേസിലെ പത്താംപ്രതിയായ മഞ്ചേശ്വരം, അച്ചക്കരയിലെ അഷര്‍ അലി (27)യെ ആണ് കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈ എസ് പി പി മധുസൂദനന്‍ നായരും സംഘവും അറസ്റ്റു ചെയ്തത്. ഗള്‍ഫില്‍ നിന്നും നാട്ടിലേയ്ക്ക് മടങ്ങുന്നതിനിടയില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ വച്ചാണ് അറസ്റ്റു ചെയ്തത്. കാസര്‍കോട്ടെത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റു ഔദ്യോഗികമായി രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും.
2022 ജൂണ്‍ 26ന് ആണ് കേസിനാസ്പദമായ സംഭവം. കുമ്പള, സീതാംഗോളി, മുഗു റോഡിലെ അബൂബക്കര്‍ സിദ്ദീഖ് ആണ് കൊല്ലപ്പെട്ടത്. ഗള്‍ഫിലുള്ള ഒരാളെ ഏല്‍പ്പിക്കുന്നതിനായി നല്‍കിയ 30 ലക്ഷം രൂപയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് കേസ്. ആദ്യം അബൂബക്കര്‍ സിദ്ദീഖിന്റെ സഹോദരനെയും സുഹൃത്തിനെയും ക്വട്ടേഷന്‍ സംഘം തട്ടികൊണ്ടുപോവുകയും അജ്ഞാത കേന്ദ്രത്തില്‍ തടവിലാക്കിയ ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. എന്നാല്‍ സാമ്പത്തിക ഇടപാട് പ്രശ്‌നത്തിനു പരിഹാരം ഉണ്ടായില്ല. തുടര്‍ന്ന് ഗള്‍ഫിലായിരുന്ന അബൂബക്കര്‍ സിദ്ദീഖിനെ നാട്ടിലേയ്ക്ക് വിളിച്ചുവരുത്തി കാറില്‍ തട്ടികൊണ്ടുപോയ ശേഷം പൈവളിഗെയിലെ ആളൊഴിഞ്ഞ സ്ഥലത്തെ ഇരുനിലവീട്ടില്‍ എത്തിച്ചു. അവിടെ വച്ച് തലകീഴായി കെട്ടിതൂക്കി ക്രൂരമായി മര്‍ദ്ദിച്ചതോടെ മരണം സംഭവിച്ചു. ഇതേ തുടര്‍ന്ന് ക്വട്ടേഷന്‍ സംഘം അബൂബക്കര്‍ സിദ്ധീഖിന്റെ മൃതദേഹം കാറില്‍ കയറ്റി ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് രക്ഷപ്പെടുകയായിരുന്നു. കേസില്‍ 19 പ്രതികളാണ് ഉള്ളത്. ഇവരില്‍ 14 പേരെ നേരത്തെ വിവിധ സമയങ്ങളില്‍ അറസ്റ്റു ചെയ്തിരുന്നു. കൊലപാതകത്തില്‍ നേരിട്ട് ബന്ധം ഉള്ളവരടക്കം അഞ്ചുപേര്‍ ഇപ്പോഴും ഒളിവിലാണ്.
അബൂബക്കര്‍ സിദ്ദീഖിന്റെ കൊലപാതകത്തിനു പിന്നില്‍ കൂടുതല്‍ പ്രതികളും ഗൂഡാലോചനയും ഉണ്ടെന്നു കാണിച്ച് മാതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്. ഡിവൈ എസ് പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കൊലപാതകത്തിനു ഉപയോഗിച്ച രണ്ടു കാറുകള്‍ നേരത്തെ പിടികൂടിയിരുന്നു. കൊല നടന്ന ദിവസം തന്നെ ഗള്‍ഫിലേയ്ക്ക് കടന്ന അഷര്‍ അലിയെ പിടികൂടുന്നതിനു ക്രൈംബ്രാഞ്ച് ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. മറ്റു പ്രതികളെ കണ്ടെത്താനുള്ള നടപടിയും ക്രൈംബ്രാഞ്ച് വേഗത്തിലാക്കിയിട്ടുണ്ട്.
