കാസര്‍കോട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ ഒളില്‍പോയ വൈദികന്‍ പോള്‍ തട്ടുംപറമ്പിലിനെ പിടികൂടാന്‍ 3 സ്‌ക്വാഡുകള്‍ രൂപീകരിച്ചു. ഈ അന്വേഷണ സംഘം ചെന്നെ, ബംഗളൂരു, മുംബൈ എന്നിവിടങ്ങളില്‍ എത്തി ആളെ തെരയുകയാണ്. കേരളത്തിന് പുറത്തെ ബന്ധുക്കളെയും മറ്റു ചിലരേയും ഇയാള്‍ ബന്ധപ്പെട്ടതായി വ്യക്തമായതിനെ തുടര്‍ന്നാണ് പൊലീസ് മൂന്നുസ്ഥലങ്ങളില്‍ പ്രത്യേകമായി എത്തി അന്വേഷണം നടത്തുന്നത്. ചിറ്റാരിക്കാല്‍ അതിരുമാവില്‍ നിന്നും കാണാതായ അമല്‍ ടോമി എന്ന യുവാവും ഇയാളുടെകൂടെത്തന്നെയുണ്ടെന്നാണ് കരുതപ്പെടുന്നത്. ചിറ്റാരിക്കാല്‍, മാലോം പരിസരങ്ങളില്‍ നിന്നും ജില്ലക്ക് പുറത്തു നിന്നും പോളിനെ ചിലര്‍ സാമ്പത്തികമായും മറ്റും സഹായിച്ചു വരുന്നതായി പൊലിസ് കണ്ടെത്തിയിട്ടുണ്ട്. അവരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അവരെ ഭാരതീയ ന്യായ സംഹിത പ്രകാരവും പ്രകാരവും പോക്‌സോ നിയമപ്രകാരവും പ്രതികളാക്കാന്‍ പൊലിസ് ആലോചിച്ചുവരികയാണ്. കോതമംഗലം രാമല്ലൂരിലെ പോളിന്റെ വീടിന് പരിസരങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് വ്യാപകമായി പതിക്കാന്‍ ചിറ്റാരിക്കാല്‍ പൊലീസ് രാമല്ലൂര്‍ ഭാഗത്തേക്ക് പോകും. 2024 മെയ് 15 മുതല്‍ ആഗസ്ത് 13 വരെയുള്ള ദിവസങ്ങളില്‍ 16കാരനായ കുട്ടിയെ പോള്‍ തട്ടുപറമ്പില്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് വിദ്യാര്‍ത്ഥി പീഡന വിവരം വെളിപ്പെടുത്തിയത്.
തുടര്‍ന്ന് അധികൃതര്‍ വിവരം ചൈല്‍ഡ് ലൈനിന് കൈമാറുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയെയും കൂട്ടി ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെ പ്രതി ഒളിവില്‍ പോവുകയായിരുന്നു.
