കാസർകോട്: കാഞ്ഞങ്ങാട് സൗത്ത് നിയന്ത്രണം വിട്ടു മറിഞ്ഞ ലോറി ഉയർത്തി. തളിപ്പറമ്പ് കുപ്പത്തുനിന്നും എത്തിയ ഖലാസികൾ ടാങ്കര്‍ ഉയര്‍ത്താന്‍ ശ്രമിക്കവേ വാൾവ് പൊട്ടി ലോറിയില്‍ നേരിയതോതിൽ ചോർച്ചയുണ്ടായിരുന്നു. തുടര്‍ന്ന് മംഗളൂരുവിൽ നിന്നും എച്ച്.പി.സി.എല്‍ പ്രത്യേക സംഘം എത്തിയാണ് ചോർച്ച അടച്ചത്. വാതക ചോർച്ചയെ തുടർന്ന് സംഭവ സ്ഥലത്തിന് ഒരു കിലോമീറ്റര്‍ പരിധിയിലുള്ള വീട്ടുകാരെ മുത്തപ്പന്‍ കാവ് ഓഡിറ്റോറിയം, ആറങ്ങാടി ജി.എല്‍.പി.എസ് എന്നിവിടങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. ചിലര്‍ ബന്ധുവീടുകളിലേക്ക് മാറ്റിയിരുന്നു. പ്രദേശത്തെ കട കമ്പോളങ്ങള്‍ അടക്കുകയും കെ.എസ്.ഇ.ബി വൈദ്യുതി വിതരണം നിർത്തിവെക്കുകയും ചെയ്തിരുന്നു. പടന്നക്കാട് ദേശീയപാത താൽക്കാലികമായി അടച്ചിരുന്നു. ലോറി ഉയർത്തിയെങ്കിലുംകാഞ്ഞങ്ങാട് സൗത്ത് മുതൽ പടന്നക്കാട് വരെയുള്ള വാഹന ഗതാഗത നിരോധനം ശനിയാഴ്ച രാവിലെ വരെ തുടരുമെന്ന് ഹൊസ്ദുർഗ് പൊലീസ് അറിയിച്ചു. ഗ്യാസ് ടാങ്കർ നിന്നും മറ്റൊരു ടാങ്കറിലേക്ക് റീഫിൽ ചെയ്തതിനുശേഷം ഗതാഗതം പുനസ്ഥാപിക്കും. വൈദ്യുതിയും രാവിലെ മാത്രമേ പുനസ്ഥാപിക്കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. ചോർച്ച ഉണ്ടായ വിവരത്തെ തുടർന്ന് ജില്ല കളക്ടര്‍ കെ. ഇമ്പശേഖർ സ്ഥലത്തെത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത, എ.ഡി.എം പി.അഖില്‍, ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്ത്, ഫയര്‍ ഓഫീസര്‍ ദിലീഷ്, ആർ.ഡി.ഒ ഇന് ചാർജ് ബിനു ജോസഫ്, ഹോസ്ദുര്‍ഗ്ഗ് താഹ്‌സില്‍ദാർ ജി. സുരേഷ്ബാബു തുടങ്ങിയവരും സ്ഥലത്തെത്തി. ടാങ്കർ ഉയർത്തുന്നതിനു മുന്നോടിയായി രാവിലെ ജാഗ്രതാസന്ദേശവും മൈക്ക് അനൗണ്‍സ്‌മെന്റും നടത്തിയിരുന്നു.
