കാസർകോട്: തൃക്കണ്ണാട് സംസ്ഥാനപാതയിൽ മത്സ്യ തൊഴിലാളി പ്രകാശനെ ഇടിച്ചു നിർത്താതെ പോയ ലോറിയെയും ഡ്രൈവറെയും കണ്ടെത്തി. യു പി പ്രയാഗ് രാജ് സ്വദേശി നിലേഷ് കുമാർ(37) ആണ് ബേക്കൽ പൊലീസിന്റെ പിടിയിലായത്. ലോറിയും കസ്റ്റഡിയിലെടുത്തു. നൂറിൽപരം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ജൂൺ ആറിന് പുലർച്ചെ നാലിനു മത്സ്യബന്ധനത്തിനായി കടപ്പുറത്തേക്ക് പോകുന്നതിനിടയിലാണ് കോട്ടിക്കുളം ഹോട്ടൽവളപ്പിൽ ഡി പ്രകാശ(48)നെ ലോറി ഇടിച്ചത്. അപകടത്തിൽ പരിക്കേറ്റ പ്രകാശൻ ഇപ്പോഴും അബോധാവസ്ഥയിൽ ചികിത്സയിലാണ്. വഴിയാത്രക്കാരാണ് ലോറി ഇടിക്കുന്നത് കണ്ടത്. അപകടത്തിന് പിന്നാലെ എത്തിയ ഇന്നോവ കാറിന്റെ ക്യാമറയിലെ ദൃശ്യമാണ് അന്വേഷണത്തിന് തുമ്പായത്. തുടർന്ന് കണ്ണപുരം മുതൽ മംഗളൂരു പനമ്പൂർ വരെയുള്ള സ്ഥലങ്ങളിലെ ലോറികളെ പരിശോധിച്ചു. ദാമൻ ദിയു രജിസ്ട്രേഷനിലുള്ളതായിരുന്നു ലോറി. ലോറി ഡ്രൈവറുടെ മൊബൈൽ നമ്പർ കണ്ടെത്തിയതോടെ സൈബർ പൊലീസ് നിരീക്ഷണം തുടങ്ങി. എന്നാൽ ഇയാൾ കേരളത്തിൽ ലോറിയുമായി എത്തുമ്പോൾ മൊബൈൽ സ്വിച്ച്ഡ് ഓഫ് ആക്കുകയാണ് പതിവ്. കഴിഞ്ഞദിവസം മംഗളൂരു വഴി കേരളത്തിലേക്ക് വരുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് സമർത്ഥമായാണ് കാസർകോട് വെച്ച് ലോറിയയും ഡ്രൈവറെയും പിടികൂടിയത്. ജില്ലാ പോലീസ് മേധാവിബി.വി വിജയ ഭരത് റെഡ്‌ഡിയുടെ നിർദ്ദേശ പ്രകാരം ബേക്കൽ ഡിവൈഎസ്പി മനോജ് വി വി, ബേക്കൽ ഇൻസ്‌പെക്ടർ ആയിരുന്ന ഷൈൻ കെ പി, ഇപ്പോൾ ബേക്കൽ ഇൻസ്പെക്ടറായ ശ്രീദാസ് എം വി എന്നിവരുടെ മേൽനോട്ടത്തിൽ എസ് ഐ സവ്യസാചി എം, മനു കൃഷ്‌ണൻ, അഖിൽ സെബാസ്റ്റ്യൻ, മനോജ്, ഡ്രൈവർ ശ്രീജിത്ത്, സുജിൻ, സജേഷ് ജിജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
