ജയ്പൂര്‍: രക്തബന്ധത്തില്‍പ്പെട്ട കുട്ടിയുടെ ചോരയും കരളും പറിച്ചു കൊടുത്താല്‍ പിണങ്ങിപ്പോയ ഭാര്യ തിരിച്ചു വരുമെന്ന മന്ത്രവാദിയുടെ ഉപദേശം കേട്ടു സ്വന്തം സഹോദരിയുടെ ആറു വയസ്സുകാരനായ മകനെ മിഠായി കൊടുക്കാമെന്നു പറഞ്ഞു ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടു പോയി കഴുത്തറുത്തു കൊന്നു. അതിനു ശേഷം അമ്മാവനും മന്ത്രവാദിയും ചേര്‍ന്ന് കുട്ടിയുടെ ചോര ഊറ്റിയെടുത്തു. കരള്‍ പറിച്ചെടുക്കുന്നതിനു കുട്ടിയുടെ തല വേര്‍പ്പെടുത്തിയ മൃതദേഹം അതേ വീട്ടിനുള്ളില്‍ വൈക്കോലും പഴയ ചാക്കുമിട്ടു മറച്ചുവച്ചു.
രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയിലെ സരാന്‍ കലായ് ഗ്രാമത്തില്‍ 19നായിരുന്നു ദാരുണസംഭവം അരങ്ങേറിയത്.
കുട്ടിയെ കാണാതായതിനെ തുടര്‍ന്നു പിതാവ് ബിന്തു പൊലീസില്‍ പരാതിപ്പെട്ടു. അതോടൊപ്പം ബന്ധുക്കളും പലവഴിക്കും അന്വേഷിച്ചു. കൊല്ലപ്പെട്ട ആറു വയസ്സുകാരനായ ലോകേഷിന്റെ അമ്മയുടെ സഹോദരനും കൊലയാളിയുമായ മനോജ് കുമാറും അന്വേഷണ സംഘത്തോടൊപ്പം ചേര്‍ന്നു. അന്നു രാത്രി എട്ടു മണിയോടെ ആളൊഴിഞ്ഞ, പകുതി തകര്‍ന്ന വീട്ടില്‍ നിന്ന് കുട്ടിയുടെ മൃതദേഹം തല മുറിച്ചുമാറ്റിയ നിലയില്‍ കണ്ടെടുത്തു.
പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. പലരേയും പലവട്ടം ചോദ്യം ചെയ്തു. മനോജിനെ രണ്ടാം തവണ ചോദ്യം ചെയ്തപ്പോള്‍ അയാള്‍ ഉരുണ്ടു കളിക്കുന്നോ എന്നു പൊലീസിനു സംശയം ഉടലെടുത്തു. അയാളെ മാറ്റി നിറുത്തി. പിന്നീട് പൊലീസ് സിസിടിവി പരിശോധിച്ചപ്പോള്‍ കുട്ടിയും മന്ത്രവാദി സുനില്‍ കുമാറുമൊത്ത് മനോജ് നടന്നു പോവുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. പിന്നീടുള്ള ചോദ്യം ചെയ്യലില്‍ കിളികിളി പോലെ നടന്ന സംഭവങ്ങള്‍ അയാള്‍ വിശദീകരിച്ചു. വീട്ടിലെ പ്രശ്‌നങ്ങളെ തുടര്‍ന്നു ഭാര്യ അവരുടെ വീട്ടിലേക്കു പിണങ്ങിപ്പോയി. അവരെ തിരിച്ചു കൊണ്ടു വരുന്നതിനുള്ള ഉപായങ്ങള്‍ അന്വേഷിച്ചു കൊണ്ടിരിക്കെ ചത്ത കോഴിയെ വരെ പറപ്പിക്കുന്ന ദുര്‍മന്ത്രവാദിയായ സുനില്‍കുമാറിനെ കുറിച്ചറിഞ്ഞു. അയാളെ അന്വേഷിച്ചു കണ്ടു പിടിച്ചു. ഭാര്യയെ മടക്കി വരുത്താമെന്ന് അയാള്‍ ഉറപ്പ് പറഞ്ഞു. അതിനു 12,000 രൂപയും രക്തബന്ധത്തില്‍പ്പെട്ട ഒരാളുടെ ചോരയും കരളും വേണം. അതിനു കണ്ടു പിടിച്ചതു സഹോദരിയുടെ ആറുവയസ്സുകാരനായ ലോകേഷ് എന്ന കുട്ടിയെയായിരുന്നു.വിവരം അറിഞ്ഞ പൊലീസ് മന്ത്രവാദിയെ കണ്ടു പിടിച്ച് അറസ്റ്റു ചെയ്തു. കുട്ടിയുടെ ചോര ഊറ്റിയെടുക്കാനുപയോഗിച്ച സിറിഞ്ചുകളും മറ്റു തൊണ്ടി സാധനങ്ങളും കണ്ടെടുത്തിട്ടുണ്ട്.
