മുംബൈ: കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി വീട്ടിനുള്ളില്‍ കുഴിച്ചിട്ടു.
മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. വിജയ് ചവാന്‍ എന്ന 35കാരനായ ഭര്‍ത്താവിനെയാണ് 28കാരിയായ ഭാര്യ കോമള്‍ അയല്‍ക്കാരനും കാമുകനുമായ മോനുവുമായി ചേര്‍ന്നു കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ടത്. അതിനു ശേഷം കോമളും കാമുകന്‍ മോനുവും സ്ഥലം വിട്ടു.
മുംബൈയില്‍ നിന്നു 70 കിലോമീറ്റര്‍ അകലെയുള്ള നള സോപാര ഈസ്റ്റിലെ ഗഡ്ഗപദയിലാണ് വിജയ് ചവാനും ഭാര്യ കോമളും താമസിച്ചിരുന്നത്. രണ്ടാഴ്ചയിലധികമായി വിജയ് ചവാനെ കാണുകയോ ബന്ധപ്പെടുകയോ ചെയ്യാത്തതിനെ തുടര്‍ന്നു ചവാന്റെ ബന്ധുക്കള്‍ കഴിഞ്ഞ ദിവസം അയാളുടെ താമസസ്ഥലത്തെത്തുകയായിരുന്നു. വീട്ടിനുള്ളില്‍ നടത്തിയ വീക്ഷണത്തില്‍ വ്യത്യസ്ത നിറത്തിലുളള ടൈല്‍സുകള്‍ പാകിയതു കണ്ടു സംശയം തോന്നുകയും അവ ഇളക്കി നോക്കിയപ്പോള്‍ അതിനുള്ളില്‍ വസ്ത്രങ്ങള്‍ കാണുകയും കുഴിയില്‍ നിന്നു ദുര്‍ഗന്ധം വമിക്കുകയും ചെയ്തു. ബന്ധുക്കള്‍ വിവരം ഉടന്‍ പൊലീസിനെ അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്. ചവാനെ കൊലപ്പെടുത്തി കുഴിച്ചിട്ട ശേഷം ഒളിവില്‍ പോയ ഭാര്യയേയും അവരുടെ കാമുകനെയും പൊലീസ് തിരയുന്നുണ്ട്.
